2011 ജൂൺ 30, വ്യാഴാഴ്‌ച

ഭൂതകാലം വിറ്റുതിന്നുന്ന ഒറ്റുകാരനോ? ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ പ്രതികരിക്കുന്നു



"ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ പൊറുക്കുമെന്നറിയാം" എന്ന മുഖവുരയോടെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമി പത്രത്തിലെഴുതിയ അസംബന്ധങ്ങളോട് ഈ നിശ്ചലാവസ്ഥയിലും എനിക്ക് പ്രതികരിക്കാതിരിക്കാനാവുന്നില്ല. എന്റെ ശരീരമേ തളര്‍ന്നിട്ടുള്ളൂ-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനോങ്ങി വരുന്ന വിഷജന്തുക്കളോട് പ്രതികരിക്കാനുള്ള മനസ്സ് ഒട്ടും തളര്‍ന്നിട്ടില്ല. അഞ്ചു സഖാക്കളുടെ ജീവനെടുത്ത അതേ വെടിയുണ്ട എന്റെ നട്ടെല്ലിലും മജ്ജയിലും അസഹ്യമായ വേദനയായി ഇപ്പോഴും തുളഞ്ഞുകയറുന്നുണ്ട്. എന്നാല്‍ , താങ്കള്‍ അക്ഷരങ്ങളെ വിഷംപുരട്ടിയ വെടിയുണ്ടകളാക്കി സത്യത്തിന്റെ നെഞ്ചിലേക്കുതിര്‍ക്കുമ്പോള്‍ എന്റെ വേദന എത്ര നിസ്സാരമെന്ന് പറയാന്‍ തോന്നുന്നു. ഇല്ല, അപ്പുക്കുട്ടന്‍ താങ്കള്‍മാപ്പര്‍ഹിക്കുന്നില്ല. ഭൂതകാലം വിറ്റുതിന്നുന്ന ഒരു ഒറ്റുകാരനെയാണ് താങ്കളില്‍ കാണാനാവുന്നത്. താങ്കള്‍ പറഞ്ഞതുപോലെ വിപ്ലവാദര്‍ശങ്ങളുടെ ചൂടില്‍തന്നെയാണ് കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ , വിപ്ലവാദര്‍ശങ്ങളില്‍നിന്ന് വഴിപിഴച്ചുപോയ താങ്കളുടെ പതനത്തിന്റെ ആഴം എത്ര അഗാധമാണെന്ന് ഈ ലേഖനത്തില്‍നിന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചുകൊന്ന സമരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് വഴി താങ്കള്‍ അന്നത്തെ ഭരണകൂട ഭീകരതയെത്തന്നെ ന്യായീകരിക്കുകയാണ്.
ഞങ്ങള്‍ അന്ന് സമരത്തിന് പോയത് ജീവിതത്തിലേക്ക് തിരികെയില്ലെന്ന് തീരുമാനിച്ചുകൊണ്ടല്ല-സര്‍ക്കാര്‍ഭൂമിയും പണവും ഉപയോഗിച്ച് മെഡിക്കല്‍ കോളെജ് ഉണ്ടാക്കി സ്വകാര്യസ്വത്താക്കി മാറ്റുന്നതിലും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെ അഴിമതി നിയമനത്തിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു. അധികാരം മത്തുപിടിപ്പിച്ച ഒരു ഭരണാധികാരിയുടെ ക്രൂരതയാണ് ഞങ്ങളെ രക്തസാക്ഷികളാക്കിയത്. അത് മറന്നുപോയ അപ്പുക്കുട്ടന്‍ , അന്ന് കൂത്തുപറമ്പില്‍ എത്തി എന്നത് ഒരു മേനിയായി പറയുന്നു. വെടിവെപ്പുകഴിഞ്ഞ്, അഞ്ച് മരണങ്ങളുണ്ടായ ശേഷംമാത്രം കണ്ണൂരില്‍നിന്ന് തിരിച്ച താങ്കള്‍ എങ്ങനെയാണ് വെടിയേറ്റവരെയും കൊണ്ട് ഓടുന്നതും അപ്പോള്‍ ചോരയൊഴുകുന്നതും കാണുന്നത്? പുതിയ വേഷം കെട്ടുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഇത്തരം കള്ളങ്ങളും ആവശ്യമാകും അല്ലേ? പോര്‍മുഖത്തെ ചോരച്ചാലുകളില്‍നിന്നാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സിപിഐ എമ്മും ആവേശവും ഊര്‍ജവും വലിച്ചെടുത്ത് പില്‍ക്കാലത്ത് എറെ വളര്‍ന്നത് എന്ന താങ്കളുടെ നിരീക്ഷണം ഭരണാധികാരി വര്‍ഗത്തിനു വേണ്ടിയുള്ള കുഴുലൂത്തല്ലാതെ മറ്റെന്താണ്? രക്തസാക്ഷികള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ വഴിവിളക്കു തന്നെയാണ്. താങ്കളെപ്പോലുള്ള അവസരവാദികള്‍ക്ക് അത് കാണാനാവില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജീവത്യാഗം അന്ന് പടനയിച്ച എം വി ജയരാജനെ പലതലങ്ങളിലേക്കുയര്‍ത്തി എന്ന് അപ്പുക്കുട്ടന്‍ സമര്‍ഥിക്കുന്നു. അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ , കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്‍ , വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്ക് കൂത്തുപറമ്പ് രക്തസാക്ഷിത്വം വഴി നേട്ടങ്ങളുണ്ടായിരുന്നു എന്നുപറയുന്നു. അന്ന് അതിഭീകരമായി പരിക്കേറ്റവരില്‍ എം വി ജയരാജനും എം സുരേന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്ന ഓര്‍മ അപ്പുക്കുട്ടനില്‍നിന്ന് മാഞ്ഞുപോയതെന്തേ? അവര്‍ക്കെല്ലാം ഇന്നുള്ള സ്ഥാനങ്ങള്‍ കൂലിയായി കിട്ടിയതാണെന്ന് അപ്പുക്കുട്ടന്‍ കരുതിപ്പോയോ? നേതാക്കളെ പാര്‍ടി ഏല്‍പ്പിക്കുന്ന ചുമതലകളെ വ്യക്തിപരമായ നേട്ടങ്ങളാക്കി തൂക്കിനോക്കുന്ന താങ്കള്‍ ഇത്ര അല്‍പനായതെന്തേ അപ്പുക്കുട്ടന്‍ ? ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി വന്ന് പത്രത്തിന്റെ നേതൃത്വത്തിലേക്ക് വളര്‍ന്ന ആളാണല്ലോ താങ്കള്‍ . വളര്‍ച്ച പോരെന്നു തോന്നിയപ്പോഴാണല്ലോ സേവ് ഫോറമുണ്ടാക്കി പാര്‍ടിയെ ഒറ്റിക്കൊടുത്തതും പുറത്തായതും. രക്തസാക്ഷിത്വവും നേട്ടങ്ങളുടെ ചവിട്ടുപടിയായി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. കുതികാല്‍വെട്ടിന്റെയും സഹജീവികളോടുള്ള വഞ്ചനയുടെയും അഹങ്കാരത്തിന്റെയും കാപട്യങ്ങളുടെയും ഭൂതകാലം താങ്കളില്‍ ഇന്നും നുരഞ്ഞുപതയുന്നുവോ? താങ്കള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി വരെ എത്തിയത് ഏതു ത്യാഗത്തിന്റെ കൂലി വാങ്ങിയിട്ടാണ്. നൂറ് ശതമാനം മെറിറ്റ് സീറ്റിനു വേണ്ടിയായിരുന്നു കൂത്തുപറമ്പിലെ സമരമെന്ന് പറയുന്ന അപ്പുക്കുട്ടന്‍ , സ്വാശ്രയ സ്ഥാപനങ്ങളില്‍ 100 ശതമാനം മെറിറ്റ് സീറ്റ് എന്ന ആവശ്യം ഡിവൈഎഫ്ഐയോ എസ്എഫ്ഐയോ മറ്റേതെങ്കിലും സംഘടനയോ എവിടെയെങ്കിലും മുന്നോട്ടുവെച്ചതായി തെളിയിക്കാമോ? മെഡിക്കല്‍ പിജി പ്രവേശനത്തിന് 50:50 എന്ന അനുപാതം പ്രവര്‍ത്തികമാക്കാന്‍ സന്നദ്ധത ആദ്യം പ്രകടിപ്പിച്ചത് എം വി ജയരാജന്‍ നേതൃത്വം നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളെജ് ആണെന്നത് താങ്കള്‍ എങ്ങനെ മറന്നുപോകുന്നു?
എല്‍ഡിഎഫ് സര്‍ക്കാര്‍കാലത്ത് ഫലപ്രദമായി പിന്തുടര്‍ന്ന 50:50 ഫോര്‍മുല ഭരണമാറ്റത്തിന്റെ ഘട്ടത്തില്‍ത്തന്നെ അട്ടിമറിക്കപ്പെട്ടതല്ലേ? നിശ്ചിത സമയത്ത് മെറിറ്റ് ലിസ്റ്റ് നല്‍കാതെ മുഴുവന്‍ സീറ്റും മാനേജ്മെന്റ് ക്വോട്ടയില്‍ വില്‍ക്കാന്‍ അവസരം ഒരുക്കിയത് യുഡിഎഫ് സര്‍ക്കാരല്ലേ? അതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. അതു കണ്ടെന്നുനടിക്കാതെ രക്തസാക്ഷികളുടെ നെഞ്ചില്‍ കയറുമ്പോള്‍ ശ്രീ അപ്പുക്കുട്ടന്‍ , താങ്കള്‍ സ്വകാര്യ സാശ്രയകോളെജുകളുടെ ദല്ലാള്‍ വേഷവും കെട്ടുകയാണോ? പരിയാരം മെഡിക്കല്‍ കോളെജിനെ അധിക്ഷേപിച്ച് സ്വകാര്യ സ്വാശ്രയ കച്ചവടത്തെയാകെ ന്യായീകരിക്കുന്നതിന്റെ ചേതോവികാരം എന്താണെന്നെങ്കിലും താങ്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. രണ്ടു മന്ത്രിമാരുടെ പ്രശ്നംമാത്രമായി ഇതിനെ പരിമിതപ്പെടുത്തി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തെ വെള്ളപൂശാന്‍ എന്തിന് വ്യഗ്രത? 50 ശതമാനം സീറ്റ് "പിടിച്ചെടുക്കാനുള്ള" സര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിക്കുന്നത് അതിന്റെ പൊള്ളത്തരം താങ്കള്‍ക്ക് അറിയാഞ്ഞിട്ടോ? മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് വിധേയമായി അഡ്മിഷന്‍ പൂര്‍ത്തിയാക്കിയെന്ന ന്യായം പറഞ്ഞ് മെറിറ്റ് സീറ്റ് നിഷേധിക്കാനും മാനേജ്മെന്റ് ക്വോട്ടയില്‍ ചേര്‍ന്ന വിദ്യാര്‍ഥികളെക്കൊണ്ട് കേസ് കൊടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കാനുമുള്ള മാനേജ്മെന്റുകളുടെ നീക്കം മനസ്സിലാക്കാനുള്ള വിവേകവും താങ്കള്‍ക്ക് നഷ്ടപ്പെട്ടോ? നഗ്നമായ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുകയും ഉമ്മന്‍ചാണ്ടിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ , താങ്കള്‍ക്കതുകൊണ്ട് എന്തു പ്രയോജനമുണ്ടാകും എന്ന ചോദ്യമെങ്കിലും ഞങ്ങള്‍ ഉയര്‍ത്തട്ടെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എംബിബിഎസ് സീറ്റുകള്‍ 100 ശതമാനവും സ്വന്തമാക്കി. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍നിന്ന് മൂന്നരലക്ഷം രൂപ ഫീസ് ഈടാക്കുമെന്ന മാനേജ്മെന്റിന്റെ ധിക്കാരത്തെ അപ്പുക്കുട്ടനല്ലാതെ മറ്റാരും ന്യായീകരിക്കുന്നത് കണ്ടില്ല. കൂത്തുപറമ്പിലേക്കുള്ള മാര്‍ഗമധ്യത്തില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് താങ്കള്‍ സംശയിച്ചു. എനിക്കിപ്പോള്‍ സംശയമില്ല-വലത്തോട്ടാണ് താങ്കള്‍ പിന്നീട് തിരിഞ്ഞത്. സര്‍ക്കാര്‍ ഭൂമിയും പൊതുഖജനാവിലെ പണവും കൊണ്ടു പടുത്തുയര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളെജ് ഇന്ന് ജനങ്ങളുടെ സ്വത്താണ്. കോളെജ് നടത്തിപ്പിനും ആശുപത്രി നടത്തിപ്പിനുമല്ലാതെ ഒരു പൈസയും ഒരാളുടെ പോക്കറ്റിലേക്കും പോകുന്നില്ല. ജനങ്ങളാണ് ഉടമകള്‍ -ആ ആശുപത്രിയുടെ അഭിവൃദ്ധി ജനങ്ങളുടെയും നാടിന്റെയും കൂടി അഭിവൃദ്ധിയാണ്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ അഴിമതിയും അര്‍ഥശാസ്ത്രവുമായി അതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. സിപിഐ എം നേതൃത്വംനല്‍കുന്ന ഭരണസമിതി മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യപ്രതിബദ്ധതയും സുതാര്യതയും ജനങ്ങളില്‍ നല്ല മതിപ്പുതന്നെ ഉളവാക്കിയിട്ടുണ്ട്. പഴയ പരിചയക്കാരനായ അപ്പുക്കുട്ടനോട് പറയട്ടെ, രക്തസാക്ഷികളുടെ മുഖത്തെ ചിരി അങ്ങനെയൊന്നും മായുന്നതല്ല. താങ്കളെപ്പോലുള്ള ഒറ്റുകാരുടെ ചതിക്കുമുന്നില്‍ ആ ചിരി മങ്ങിയേക്കുമെന്നുമാത്രം. സ്വന്തം ജീവരക്തംകൊണ്ട് ചരിത്രമെഴുതിയ രക്തസാക്ഷികളെയും അവരെ നെഞ്ചിലേറ്റുന്ന ജനങ്ങളെയും അവരുടെ പ്രസ്ഥാനത്തെയും അവമതിച്ചുകൊണ്ട് താങ്കള്‍ എഴുതുന്ന ആ പംക്തിയുടെ പേരെങ്കിലും "വലതുപക്ഷം" എന്നാക്കിയെങ്കില്‍ എന്നാശിച്ചുപോകുന്നു.

2011 ജൂൺ 29, ബുധനാഴ്‌ച

തിരകഥകള്‍ നിറയുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ...?

രാവിലെ ഉറക്കപായില്‍ കിടന്നു ടെലിവിഷന്‍ ചാനലുകളില്‍ ഒന്ന് ഞെക്കി .ഐഡിയ സ്റാര്‍ സിങ്ങര്‍,ഒരുകുട്ടി പാടുന്നു ..ഹരേകൃഷ്ണ ഹരേരാമ...ഹരേകൃഷ്ണ ഹരേരാമ...വളരെ ആസ്വദിച്ചു കുറെ ഡാന്‍സര്‍മാരോടൊപ്പം സ്റെജിന്റെ മധ്യഭാഗത്ത് പാട്ടുകാരി ഇരിക്കുന്നു .പെട്ടന്ന് വിധികര്‍ത്താക്കളുടെ ഇടയില്‍നിന്നും ഒരലര്‍ച്ച ...സ്റ്റോപ്പ്‌ ...എന്തായിത് ..തരികിട കളികുകയാണോ??...?പെട്ടന്ന് സെറ്റിലാകെ ഒരു വല്ലാത്ത അവസ്ഥ ..കാണികളുടെ മുഖങ്ങള്‍ ക്യാമറകള്‍ വെളുപ്പിക്കുന്നു ...ആകെക്കൂടി ഒരു ദുഖസാന്ദ്രമായ അവസ്ഥ ...M G ശ്രീകുമാര്‍ തുടരുന്നു ..ഇവിടെ പറ്റില്ലിത്...റീ-മിക്സ്‌ അല്ലെ പാടേണ്ടത് ??? പിന്നെന്തേ ഇങ്ങനെ ?? അദ്ദേഹം ദേഷ്യംകൊണ്ട് വിറക്കുകയാണ്. ഞാന്‍ ഒന്ന് ഞെട്ടി എന്തായിത് ഒരു മത്സരത്തിനിടയില്‍ വിധികര്‍ത്താക്കള്‍ ഇടപെടാന്‍ പാടുണ്ടോ ..? തെറ്റും ശെരിയും മത്സരശേക്ഷം പറയേണ്ടതല്ലേ ...?? കാമറ  പാട്ടുകാരിയുടെ മുഖത്ത് ..അകെ തകര്‍ന്നതുപോലുള്ള മുഖഭാവം ..സാര്‍ ഞാന്‍ ഒരു പുതുമക്കായി ....മുഴുപിക്കുന്നില്ല ..നോ ഒന്നുംവേണ്ട ഇവിടെ ചില റൂള്‍സ്‌ ഉണ്ട് അതനുസരിച്ചുമതി ശ്രീകുമാറിന്റെ കൌണ്ടര്‍ ...താന്‍ നല്ലൊരു അഭിനയത്രി എന്ന് തെളിയിച്ചുകൊണ്ട് മുഖത്ത് ഭയത്തിന്റെയും നിരാശയുടെയും മുഴുവന്‍ ഭാവങ്ങള്‍ വാരി നിറച്ചുകൊണ്ട് പാട്ടുകാരി വീണ്ടും കൂട്ടുകാരോടൊപ്പം സ്റെജിന്റെ മധ്യഭാഗത്തേക്ക് വീണ്ടും ...ഒരു നിമിഷം പോലും കളയാതെ മുഴുവന്‍ കൂട്ടുകാരുമോപ്പം ഇതാ ഒരു പുത്തന്‍ ഭാവം ..പിന്നെ തകര്‍ക്കുകയാണ്. ഞാന്‍ വീണ്ടും ഞെട്ടി ..ഇത്രപെട്ടന്ന് ഇത്രയൊക്കെ??? എന്റെ ഉറക്കത്തിന്റെ ആലസ്യം പൂര്‍ണമായി വിട്ടൊഴിഞ്ഞു ...ഇപ്പോള്‍ എന്‍റെ ഭാവം ചിരിയും ഒരു ദിവസം നശിച്ചതിന്റെ ദുഖവുംആണ്.വീണ്ടും സ്റ്റേജില്‍   ......ഒരു പെരുമഴ അവസാനിക്കുന്നു നായികയുടെ പ്രകടനം കണ്ടു സ്ഥപ്തനായ നായകന്‍ നായികയോട് ക്ഷമചോധികുന്നു ....ഓഓഒ മനോഹരമായ ഒരു തിരകതയുടെ ദ്രിശ്യ ആവിഷ്കാരം കണ്ടു മനം നിറഞ്ഞു ഞാന്‍ ചാനല്‍ മാറ്റി ...

2011 ജൂൺ 28, ചൊവ്വാഴ്ച

അടിയന്തരാവസ്ഥക്കാലത്തു് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ"`````ഇരുണ്ട കാലം പീഡനപര്‍വം .

..
_______________________________________________________
1975 സെപ്തംബര്‍ 28
കാലം- അടിയന്തരാവസ്ഥ

പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.

വന്ന കാര്യം തിരക്കി- എന്താണ്?

അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.

എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.

ആരില്‍നിന്ന്?

എസ്പി ജോസഫ് തോമസില്‍നിന്ന്.

ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.

ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...

ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.

ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...

കൂത്തുപറമ്പ് സ്റേഷനിലെ രാത്രി

പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.

കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.

ലോക്കപ്പിനുള്ളില്‍

സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.

ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-

നിന്റെ പേരെന്താ.

വിജയന്‍.

എന്ത് വിജയന്‍?

പിണറായി വിജയന്‍.

ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.

കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.

നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.

രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.

പിറ്റേന്ന് പ്രഭാതം

രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.

ജയില്‍ദിനങ്ങള്‍

ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.

മുഖാമുഖം

രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.

ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...

അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.
കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.

സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.

വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.

സഹതടവുകാര്‍

അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.

ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.

കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.

വ്യായാമം

ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.

അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.

1977 മാര്‍ച്ച് 30

ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.

വീണ്ടും കണ്ടപ്പോള്‍

അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.

അതിക്രമങ്ങളുടെ ഇരുണ്ട കാലം

യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ...

2011 ജൂൺ 1, ബുധനാഴ്‌ച

രതിനിര്‍വ്വേദം....വാര്‍ത്തകള്‍ക്കപ്പുറം




           ഈ അടുത്തായി ഞാന്‍ കേള്‍ക്കുന്ന   പ്രധാന വാര്‍ത്തകളില്‍ ഒന്നാണ്  രതിനിര്‍വ്വേദം എന്ന സിനിമയുടെ റിലീസിങ്ങിനെകുറിച്ച്.കുറച്ചായി നമ്മുടെ മുഴുവന്‍ വാര്‍ത്താ മാധ്യമങ്ങളും ഈ സിനുമയെ മത്സരിച്ചു പ്രമോട്ട് ചെയ്യുവാന്‍ ശ്രമിക്കുന്നുണ്ട്‌.പക്ഷെ എത്ര ആലോചിച്ചിട്ടും ഇത്രത്തോളം വാര്‍ത്താപ്രാധാന്യം ഉണ്ടാക്കാന്‍ തക്ക മഹത്വമോന്നും ഇതില്‍ ഞാന്‍ കാണുന്നില്ല.മലയാള സിനിമസഹിത്യത്തിനു വളരെവലിയ സംഭാവനകള്‍ നല്‍കിയ മഹാനായ ശ്രി.പദ്മരാജന്റെ ഉത്കൃഷ്ടമായ ഒട്ടനവതി സൃഷ്ടികള്‍ നാം കണ്ടിട്ടുണ്ട്(പെരുവഴിയമ്പലം,ഒരിടത്തൊരു ഫയല്‍വാന്‍,കൂടെവിടെ ,നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍,തുവാനതുമ്പികള്‍,അപരന്‍ ,മൂനംപക്കം ,കള്ളന്‍ പവിത്രന്‍ ,തകര,ഞാന്‍ഗന്ധര്‍വന്‍ തുടങ്ങിയവ ).എന്നാല്‍ രതിനിര്‍വ്വേദം അദേഹത്തിന്റെ ഏറ്റവും മഹത്തായ രചനകളില്‍ ഒന്നാണ് എന്നെനിക്ക് അഭിപ്രായമില്ല.അതുപോലെ ഇതിന്‍റെ ആദ്യത്തെ സംവിധായകന്‍,മലയാള സിനിമയില്‍ തന്‍റേതായ ഒരു സ്ഥാനം സ്വയം ഉണ്ടാകി അത് ഒഴിച്ചിട്ടു കടന്നുപോയ ശ്രി.ഭരതന്‍റെ ഏറ്റവും ഉല്‍കൃഷ്ടമായ സംഭാവനകളില്‍ ഒന്നാണിത് എന്നുംഞാന്‍ കരുതുന്നില്ല.ഇവിടെയാണ്‌ എന്‍റെ സംശയം ബാക്കിയാകുന്നത്.ഇവരുടെയെല്ലാം ഉല്‍കൃഷ്ടമായ ഒട്ടനവധി സൃഷ്ടികള്‍ നാമുടെമുന്നില്‍ സത്യമായി ഉള്ളപ്പോള്‍  ഒരിക്കല്‍ക്കൂടി വീണ്ടും  സൃഷ്ടിക്കപ്പെടാന്‍ മാത്രം ഇതിന്‍റെ മഹത്വം എന്താണ്? അല്ലെങ്കില്‍ ഭരതന് പറയാന്‍ കഴിയാതെ ബാക്കിവച്ചത് എന്താണ് ഈ കഥയില്‍ ഇനിയുമുള്ളത് ?അതുമല്ലെങ്കില്‍ ഒരു മിഡിയ എന്നനിലയില്‍ സമൂഹത്തോട് വീണ്ടുംവീണ്ടും പറയാനായി ഇതിലുള്ള സന്ദേശം എന്താണ്?

         .ഈ സിനിമ ആദ്യം പുറത്തുവന്നപ്പോള്‍ ഇത് കാണുവാന്‍ വളരെ ദൂരത്തുള്ള സിനിമശാലകളിലേക്ക് ചെറുപ്പകാര്‍ പോകുമായിരുന്നു.കാരണം തന്നെ അറിയുന്ന ആള്‍കാരുടെ മുന്നിലൂടെ ഈ സിനിമ പ്രദര്ശിപ്പിക്കുന്ന കൊട്ടകയിലേക്ക് കയറിപോകുവാന്‍ അവര്‍ മടിച്ചിരുന്നു.അക്കാലഘട്ടത്തില്‍ ഇതിന്‍റെ കലാമൂല്യങ്ങള്‍ ആയിരുന്നില്ല സാധാരണകാര്‍ ചര്‍ച്ചചെയ്തിരുന്നതു എന്നര്‍ത്ഥം.ജയഭാരതിഎന്ന ആ കാലഘട്ടത്തിന്‍റെ സൌന്ദര്യം സങ്കല്‍പ്പത്തെ എത്ര ഫലപ്രദമായി വില്‍കുവാന്‍ കഴിഞ്ഞുവോ  അതിനെകാള്‍ ഭംഗിയായി ആധുനികതയുടെ മുഴുവന്‍ സാധ്യതകളും ഉപയോഹിച്ചു രൂപപെടുത്തിയ ശ്വേത മേനോന്‍റെ പുത്തന്‍ സൌന്ദര്യ സങ്കല്‍പ്പത്തെ വില്‍പനയ്ക്ക്‌ വക്കുക എന്നതിലപ്പുറം ഉരു സാധാരണകാരനെ ബോധ്യപെടുത്തുവാന്‍ സംഘാടകര്‍ ഒരുപാട് മീഡിയ ചര്‍ച്ചകള്‍ ഇനിയും നടത്തേണ്ടി വരും .

        ആദമിന്റെ മകന്‍ അബു എന്നാ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച സിനിമ പോലും അവാര്‍ഡു നേട്ടത്തിന് ശേക്ഷവും  അത്രത്തോളം ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന നമ്മുടെ നാട്ടില്‍ ഈ സിനിമക്ക് അത് പുറത്തുവരുന്നതിന് മുന്‍പ്തന്നെ കിട്ടുന്ന വാര്‍ത്താപ്രാധാന്യം എന്താണ് സൂചിപ്പിക്കുന്നതു.??