2015 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

യക്ഷി ....
രാത്രിയുടെ ഒന്നാം യാമത്തിലാണ് അവൾ വരുക ...
വസ്ത്രധാരണത്തിൽ തന്റെ വർഗ്ഗത്തിനു കല്പ്പിച്ചു അനുവദിച്ചിരുന്ന മാമൂലുകൾ അവൾ ധിക്കരിച്ചു .
ബഹുവർണത്തിൽ, ഒഴുകിയായിരുന്നില്ല മെല്ല നടന്നുതന്നെയാണ് വരവ് 
പാലപൂമണം ആയിരുനില്ല തീർച്ച ..ഇലഞ്ഞിപൂവ് പക്ഷെ നിശബ്ധംമായിരുന്നു .
ഈ ബഹുപഥസന്ധിയിൽ ,ആകാശഛേദികളായ ഗോപുരങ്ങളെ അവൾ ശ്രദ്ധിച്ചതേയില്ല 
ഈ പാന്ഥസത്രത്തിൽ ഒളിച്ചിരുന്ന എന്നെത്തേടി മാത്രമായി അവൾ വരുന്നു 
അവൾക്ക്  രക്തം വേണ്ടായിരുന്നു ചുണ്ണാമ്പും ചോദിച്ചില്ല  ...
കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു  ഞാനൊരു കേൾവിക്കാരനും 
എപ്പോഴോ അവളുടെ പഥ്യം മുടങ്ങി ...എന്റെ ചോരക്കു മധുരമാണെന്ന് അവൾ പറഞ്ഞു 
സിരകളിലൂടെ അവൾക്കായി രക്തം ഭ്രാന്തമായി ഒഴുകി ഭാരം നഷ്ടമായ ഞാൻ  മൂർച്ചിച്ചുവീണു 
ചുറ്റും മഹാശൂന്യം .മഹാസ്പോടനം പ്രവഞ്ചം സൃഷി  
ഊര്‍ജ്ജവും ദ്രവ്യവും ഒന്നിച്ചു  ,പരിണാമം പിന്നെ ഞങ്ങൾ 
നഗ്നതകൾ ഉരസിയുണ്ടാ അഗ്നി യിൽ ഞാനെന്റെ ഹോമകുണ്ഡം ജ്വലിപ്പിച്ചു  ..
വേദ മന്ത്രോച്ചാരണങ്ങൾ ,യാഗശാലകൾ വിറകൊള്ളുന്നു 
ഹോമാഗ്നിയിൽ ഞാൻ  എന്നെപിഴിഞ്ഞ നീര് നൽകി 
മേഘഗർജനം .....
 വരണ്ടുണങ്ങിയ മനസും ശരീരവും ചിന്തകളും തിമർത്തു പെയ്ത മഴയിൽ വീണ്ടും  നാമ്പെടുക്കുന്നു. മൂല്യബോധവും സംസ്കാരവും കടലെടുത്തു  ..വെറും  പച്ചയായ രതി, കാമം 


മനസും ശരീരവുംകൊണ്ട് രമിക്കുമ്പോൾ ഉണ്ടാകുന്ന മൂർച്ച ,കിതപ്പുകളും സിൽക്കരാങ്ങളും ..വരൂ സൌമ്യം പ്രസാദമായുണ്ട്.ഞാൻ നിന്നെ  അക്കിത്തിരിയായി അവരോധിക്കാം 

നീതന്നെ യജ്ഞശാല എരിച്ച രീതിയില്‍നിന്ന്‌ ആവാഹിച്ചെടുത്ത ത്രേതാഗ്നിയുടെ സൂക്ഷിപ്പുകാരിയും 

ഒക്കെ നീതന്ന ഭാവന ,ഞാൻ വെറും കാഴ്ചക്കാരൻ

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല



ക്രിസ്തുമതം ഔദ്യോഗിക മതമായിട്ടുള്ള തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഒട്ടുമിക്കവയും ഇപ്പോള്‍ ഇടതുപക്ഷത്ത്തിന്റെയോ ഇടതുപക്ഷത്തോട് വളരെ അടുത്തുനില്കുന്ന പ്രസ്ഥാനങ്ങളുടെയോ ഭരണത്തിന്‍കീഴിലാണ് (ചിലി,ബ്രസീല്‍,ഇക്കുഡോര്‍,ബെനിസുല ,ഹോണ്ടുറാസ്,ബൊളിവിയ , Haiti,പെറൂ, Nicaragua Costa Rica ).അഴുമതി,സ്വജനപക്ഷപാതം.ധൂര്‍ത്ത്,സാമ്പത്തിക അരാചകത്വം തുടങ്ങി എല്ലാ വൃത്തികെടുകളുടെയും പ്രതീകങ്ങള്‍ ആയിരുന്ന അവിടങ്ങളിലെ അമേരിക്കന്‍ പാവ വലതുപക്ഷ സര്കാരുകള്‍ക്ക് എതിരെ അവിടങ്ങളിലെ സഭയും വിശ്വാസികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് തോളോട്തോള്‍ ചേര്‍ന്നുനിന്നു നടത്തിയ പോരാട്ടങ്ങളാണ് ഇത്തരത്തില്‍ വലിയ തോതിലുള്ള ഒരു മാറ്റം അവിടെ സാധ്യമാക്കിയത്.അവിടങ്ങളിലോന്നും ഇല്ലാത്ത തൊട്ടുകൂടായ്മ എങ്ങനെയാണ് ഇന്ത്യയില്‍ ക്രിസ്തീയ സഭകള്‍ക്ക് ഇടതുപക്ഷതിനോട് ഉണ്ടാകുന്നത്.ഒരു വിശ്വാസത്തിനും വിശ്വാസികള്‍ക്കും പാര്‍ടി എതിരല്ല എന്ന് പലയാവര്‍ത്തി ഇന്ത്യയില്‍ സി പി ഐ എം വ്യക്തമാകിയിട്ടും ഇപ്പോഴും തുടരുന്ന ഈ ശത്രുത ദുരൂഹമാണ്.ക്രിസ്തീയ സഭകള്‍ അത്ര സന്ഘടിതമാല്ലാത്ത ഇന്ത്യയിലെ പല സംസ്ഥാങ്ങളിലും സഭക്കും വിശ്വാസികള്‍ക്കും ഇപ്പോഴും താങ്ങും തണലുമായി നില്‍കുന്ന ഒരു പ്രസ്ഥാനമാണ് ഇതെന്നു മറന്നുകൊണ്ടാണ് കേരളത്തിലെ ചില സഭകളും അതിന്‍റെ നേതാകളും സി പി ഐ എം നെ ശത്രുസ്ഥാനത്ത് നിറുത്തി വിചാരണ ചെയ്യുന്നത് .അത്തരകാരോട് ഒന്നേ പറയാനുള്ളൂ .നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല .

2011 ഡിസംബർ 18, ഞായറാഴ്‌ച

ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവക്കണം..

ഒരു ഫെഡറല്‍ ജനാതിപത്യ രാജ്യത്തെ ഉത്തരവാദിത്വപെട്ട ഒരു ഭരാണിധികാരിയും നടത്താന്‍ പാടില്ലാത്തതരത്തിലുള്ള പരമാര്‍ശങ്ങലാണ് ചിദംബരം മുല്ലപെരിയാര്‍ വിഷയവുമായി ബന്ധപെട്ട് ഇന്ന് നടത്തിയത് .ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും സങ്കുചിത പ്രാദേശികവാദവുമാണ്.നാല്‍പതു ലക്ഷത്തോളം കേരളീയരുടെ ജീവന് ഭീക്ഷണിയാകുമെന്നു ഈ നാട് മുഴുവന്‍ ഭയക്കുന്ന ഒരു വിഷയത്തെ തന്‍റെ രാഷ്ട്രീയനിലനില്‍പ് മാത്രം മുന്നില്‍കണ്ട് ഒരു പ്രാദേശികവാദിയുടെ ഭാവത്തിലും സ്വരത്തിലും അവതരിപിച്ചത് അക്ഷന്തവ്യമായ തെറ്റാണ്.ഇതിലൂടെ അദ്ദേഹം സത്യപ്രതിജ്ഞ ലന്ഘനമാണ് നടത്തിയതെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.അതിനു അദ്ദേഹം തിരഞ്ഞെടുത്ത വേദിയാകട്ടെ ചെന്നയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സോണിയാഗാന്ധി ജന്മദിന ആഘോഷപരിപാടിയും.മാത്രമല്ല ഈ വിഷയത്തില്‍ ഈ പാര്‍ടിക്ക് വ്യക്തമായ ദേശിയ കാഴ്ചപാട് ഇതുവരെ ഉണ്ടാകാന്‍ കഴിഞ്ഞിട്ടില്ലയെന്നതും പ്രധിക്ഷേധര്‍ഗമാണ്.ഈ  സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കുകയോ പ്രധാനമന്ത്രി അദ്ധേഹത്തെ തല്‍സ്ഥാനത്തുനിന്നും പുറത്താകുകയോ വേണം.വീണ്ടു ഈ പദവിയില്‍ തുടരുവാനാണ് തീരുമാനമെങ്കില്‍ ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനതയും അന്ഗീഹരികാത്ത്ത ഒരു ഭരണാധികാരിയായിരിക്കും താങ്കള്‍.

2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

ലോക്പാല്‍ : സിപിഐഎം നിലപാട്

രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമായി അഴിമതി മാറിയിട്ട് കുറച്ചുകാലമായി. കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, സാമ്പത്തിക-സാമൂഹ്യ അവസരങ്ങള്‍ കുറഞ്ഞ, ഇന്ത്യ പോലൊരു രാജ്യത്ത് പൊതുസ്വത്ത് അഴിമതിയിലൂടെ കൊള്ളയടിക്കപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇങ്ങനെ സമ്പത്ത് കേന്ദ്രീകരിക്കുന്നത് വികസനത്തെ തടയും. കൂടുതല്‍ അസമത്വങ്ങള്‍ക്ക് വഴിവെക്കുകയും സമൂഹത്തിന്റെ ധാര്‍മിക ചട്ടക്കൂടിനെത്തന്നെ നശിപ്പിക്കുകയും ചെയ്യും. ഈയിടെ പുറത്തുവന്ന 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരും ഉദ്യോഗസ്ഥരും മന്ത്രിമാരും സമ്പാദിച്ചത്. അഴിമതിക്കുശേഷവും മാസങ്ങളോളം അധികാരത്തില്‍ തുടര്‍ന്ന് തങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള അവസരവും ഇത്തരക്കാര്‍ ഉപയോഗപ്പെടുത്തുന്നു. 


ഉന്നതങ്ങളിലെ അഴിമതി ദശാബ്ദങ്ങളായി രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാണെങ്കിലും നമ്മുടെ നയരൂപീകരണ പ്രക്രിയയെ വളച്ചൊടിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു എന്നതാണ് ഉദാരവല്‍ക്കരണത്തിനുശേഷമുള്ള സ്ഥിതി. നമ്മുടെ ജനാധിപത്യത്തെ പോലും തകര്‍ക്കുമെന്ന് രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് അവിശുദ്ധ കൂട്ട് വെല്ലുവിളിക്കുന്നു.


രാഷ്ട്രീയ, ഭരണ, നിയമ തലങ്ങളിലെ സമൂലമായ പരിഷ്കാരത്തിലൂടെ മാത്രമേ അഴിമതിക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാകൂ. സമാധാനപരമായ ഒറ്റപ്പെട്ട നിരാഹാര സമരങ്ങളിലൂടെ ഇതിന് ശാശ്വത പരിഹാരം കാണാനാവില്ല. ശക്തമായ ലോക്പാല്‍ ഒരു പരിഹാര മാര്‍ഗമാണ്. ഒപ്പം മറ്റു കാര്യങ്ങളും വേണം. പൗരന്മാര്‍ക്കായി പരാതി പരിഹാര സംവിധാനം, നീതിന്യായ സംവിധാനത്തെ നിരീക്ഷിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ , തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം തുടങ്ങിയവ വേണം. വിദേശ ബാങ്കുകളിലും മറ്റുമുള്ള കള്ളപ്പണം തടയാന്‍ നികുതി സമ്പ്രദായത്തില്‍ മാറ്റം വരുത്തണം. ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ സമഗ്രമായ പരിഷ്കരണത്തിലൂടെയേ അഴിമതി തടയാനാവൂ.


ലോക്പാല്‍ ബില്‍ 

പൊതുരംഗത്തെ അഴിമതി തടയാനും പൊതുഭരണം കാര്യക്ഷമമാക്കാനും ലോകരാജ്യങ്ങളില്‍ വിവിധ സംവിധാനങ്ങളുണ്ട്. എന്നാല്‍ രാഷ്ട്രീയ ഇഛാശക്തിയില്ലാത്തതുമൂലം ഇന്ത്യയില്‍ നാലു പതിറ്റാണ്ടായിട്ടും പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസാക്കാനായിട്ടില്ല. ഇന്ത്യ ഭരിച്ച മുന്‍ സര്‍ക്കാറുകളെല്ലാം ബില്‍ പരിഗണിച്ചുവെങ്കിലും പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു. നിലവില്‍ ഭരിക്കുന്ന സര്‍ക്കാരിനും ഇതില്‍ താല്‍പര്യമില്ല. അഴിമതിയില്‍ മുങ്ങിയ യുപിഎ ഗവണ്‍മെന്റ് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒരു ബില്ലുമായി രംഗത്തുവന്നത്.

ലോക്പാല്‍ ബില്ലിന്റെ പ്രസക്തിയെയും ആവശ്യകതയെക്കുറിച്ച് സിപിഐ എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

അഴിമതിയുടെ നിര്‍വചനം 


പണമുണ്ടാക്കാനുള്ള എല്ലാ അനധികൃത ഇടപാടുകളും അഴിമതിയില്‍പ്പെടും. വഴിവിട്ട് പണം സമ്പാദിക്കുക, പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സ്വജന പക്ഷപാതത്തിനായി പ്രവര്‍ത്തിക്കുക, സ്വന്തം കാര്യം നേടാന്‍ മറ്റുള്ളവരെ സ്വാധീനിക്കുക, തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുക, അഴിമതിക്കായി ഉദ്യോഗസ്ഥരെ സ്വാധീനിക്കുക, പണമുണ്ടാക്കാനായി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുക എന്നിവയെല്ലാം അഴിമതിയുടെ പരിധിയില്‍ വരും. ഇന്നത്തെ സാഹചര്യത്തില്‍ 1988ലെ അഴിമതിവിരുദ്ധനിയമത്തിന്റെ പരിധിയാപിപ്പിക്കേണ്ടതുണ്ട്.


പൊതു അധികാരം സ്വകാര്യലാഭത്തിനായി ഉപയോഗിക്കുന്നതാണ് പൊതുവെ അഴിമതി. ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി അധികാരം ദുര്‍വിനിയോഗിക്കുന്നതും അഴിമതിയായി കാണണം. 88ലെ നിയമത്തിലെ വ്യക്തി എന്ന നിര്‍വചനത്തില്‍ കമ്പനി പെടാത്തതിനാല്‍ ഇത്തരം അഴിമതി നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. പലപ്പോഴും ഇത്തരം കേസുകളില്‍ കോഴപ്പണം കണ്ടെത്താനാവില്ല. എന്നാല്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാകുകയും ചെയ്യും. പൊതുമേഖലാ സ്ഥാപന വില്‍പ്പന ഇതിന് ഉദാഹരണമാണ്. "നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ബോധപൂര്‍വം അനര്‍ഹമായ നേട്ടം നല്‍കുന്നതും ഏതെങ്കിലും ജീവനക്കാരനില്‍ നിന്ന് അനര്‍ഹമായ നേട്ടം വാങ്ങുന്നതും" എന്ന് കൂടി ഉള്‍പ്പെടുത്തി അഴിമതിയുടെ നിര്‍വചനം വിപുലമാക്കണം.

സുതാര്യത 

ലോക്പാല്‍ വസ്തുത കണ്ടെത്തുന്ന ഒരു സമിതിയാവണം. സ്വമേധയാ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടാകണം. ലഭിക്കുന്ന പരാതികളും മറ്റും അന്വേഷിക്കാനും പ്രഥമദൃഷ്ട്യാ അഴിമതിയുള്ള കേസുകള്‍ പ്രത്യേക കോടതിക്ക് അയക്കാനും സമയബന്ധിതമായി ശിക്ഷ ഉറപ്പുവരുത്താനുമുള്ള അധികാരമുണ്ടാവണം. കേന്ദ്ര തലത്തില്‍ അഴിമതി കേസുകളുമായി ബന്ധപ്പൈട്ട മുഴുവന്‍ സംവിധാനവും ഇതിന്റെ മേല്‍നോട്ടത്തിലാവണം. എക്സിക്യൂട്ടീവ് നടപടികള്‍ക്ക് ശുപാര്‍ശ നല്‍കാനും അതു സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമുള്ള അധികാരമുണ്ടാവണം. ഇക്കാര്യങ്ങള്‍ സമയബന്ധിതമായും സുതാര്യമായും സ്വതന്ത്രമായും നിര്‍വഹിക്കാന്‍ ലോക്പാലിന് അര്‍ധ ജുഡീഷ്യല്‍ അധികാരം നല്‍കണം. നിയമനിര്‍മാണ സഭയും എക്സിക്യട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള വേര്‍തിരിവ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. ഇതിനൊത്താകണം ലോക്പാല്‍ രൂപീകരണം. ലോക്പാലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കേണ്ട ഒന്നുണ്ട്. അഴിമതി മാത്രം പരിഗണിക്കുന്ന ഒന്നാണോ അതോ പരാതി പരാഹാരവും അതിന്റെ ചുമതലയാണോ എന്നതാണത്. പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം വേണമെന്നാണ് സിപിഐ എം അഭിപ്രായപ്പെടുന്നത്. പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഇത് സ്ഥാപിക്കണം.


ലോക്പാല്‍ രൂപീകരണവും ഘടനയും


ലോക്പാലില്‍ അംഗമാകാന്‍ കഴിവ്, കാര്യക്ഷമത, പരിചയം യോഗ്യത തുടങ്ങിയ സുതാര്യമായ മാനദണ്ഡങ്ങള്‍ വേണമെന്ന് ലോക്പാല്‍ നിയമത്തില്‍ വ്യക്തമാക്കണം. ഭരണനിര്‍വ്വഹണസമിതി അംഗങ്ങളും പാര്‍ലമെന്റ് നേതാക്കളും ഉന്നത നീതിന്യായവ്യവസ്ഥയിലെ അംഗങ്ങളും നിയമജ്ഞരും അക്കാദമിക് വിദഗ്ധരും അടങ്ങുന്ന വിപുലമായ സെലക്ഷന്‍ കമ്മറ്റി വേണം.


ഘടന 


ലോക്പാലില്‍ എല്ലാവിഭാഗത്തില്‍ നിന്നും പ്രതിനിധികളുണ്ടാവണം. ചെയര്‍മാനെ കൂടാതെ പത്തംഗങ്ങള്‍ വേണം. ഇതില്‍ നാലു പേര്‍ ജുഡീഷ്യല്‍ അംഗങ്ങളായിരിക്കണം. ഭരണ-സിവില്‍ സര്‍വീസ് പശ്ചാത്തലമുള്ള മൂന്നു പേര്‍ . ബാക്കി മൂന്നു പേര്‍ നിയമ, അക്കാദമിക്, സാമൂഹ്യ സേവന മേഖലകളില്‍ നിന്നാവണം. രാഷ്ട്രീയ നേതാക്കള്‍ പാടില്ലെന്നതു പോല വാണിജ്യ, വ്യവസായ മേഖലയില്‍നിന്നും ആരുമുണ്ടാകരുത്.

അധികാരപരിധി 

ഉന്നതങ്ങളിലെ അഴിമതി മുന്‍ഗണനാ ക്രമത്തില്‍ പരിഹരിക്കേണ്ടതാണെങ്കിലും, സാധാരണക്കാരന് നിത്യ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന അഴിമതിയാണ് വേഗത്തില്‍ പരഹരിക്കേണ്ടത്. സംസ്ഥാനങ്ങളിലെഅധികാരികളുമായി ബന്ധപ്പെട്ടതാണ് ഈ അഴിമതിയേറെയും. ലോക്പാല്‍ മാതൃകയിലുള്ള സംസ്ഥാന ലോകയുക്തകളുടെ പരിധിയില്‍ മുഴുവന്‍ സംസ്ഥാന ജീവനക്കാരെയും തദ്ദേശസ്ഥാപന, കോര്‍പ്പറേഷന്‍ ജീവനക്കാരെയും പെടുത്തണം. ഇതിനൊപ്പം ജനങ്ങളുടെ പരാതി തീര്‍ക്കാനും പ്രാഥമിക സേവനം ഉറപ്പുവരുത്താനും, മുകളില്‍ നിര്‍ദേശിച്ചതുപോലെ പരാതി പരിഹാര സംവിധാനവും വേണം.


പ്രധാനമന്ത്രി 


വേണ്ട മുന്‍കരുതലുകളോടെ പ്രധാനമന്ത്രിയും ലോക്പാലിന്റെ പരിധിയില്‍ വരണം. പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാപൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയില്‍ വരുന്ന ബില്ലാണ് 1989ല്‍ വി പി സിങ് ഗവണ്‍മെന്റ് കൊണ്ടുവന്നത്. പിന്നീടുകൊണ്ടുവന്ന മറ്റെല്ലാ കരട് നിയമനിര്‍മാണങ്ങളിലും പ്രധാനമന്ത്രിയെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2001ലെ ലോക്പാല്‍ ബില്‍ പരിശോധിക്കുമ്പോള്‍ പ്രണബ് കുമാര്‍ മുഖര്‍ജി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി കൃത്യമായി ഇക്കാര്യം പറഞ്ഞിരുന്നു. അഴിമതിയില്‍ മുങ്ങിയ ഇപ്പോഴത്തെ സര്‍ക്കാരാണ് 1989നുശേഷം ആദ്യമായി പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താന്‍ മടിക്കുന്നത്. പ്രധാനമന്ത്രിയടക്കം അഴിമതി നിരോധന നിയമത്തിന്റെ നിര്‍വചനത്തില്‍ വരുന്ന എല്ലാ പൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയിലും വരണം. 


ഉന്നത നീതിന്യായവ്യവസ്ഥയും പരിശോധനക്കു വിധേയമാകേണ്ടതുണ്ട്. ഇവരുടെ അഴിമതി അന്വേഷിക്കാന്‍ ഇപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ മുന്‍കൂര്‍ അനുമതിവേണമെന്നത് സ്വയം സംരക്ഷണമാകുന്നുണ്ട്. അതേസമയം ഇവരെ ലോക്പാലില്‍ ഉള്‍പെടുത്താനുള്ള നിര്‍ദേശം ഭരണഘടനാപരമായി സുപ്രിംകോടതിക്കുള്ള സ്വാതന്ത്ര്യത്തിലെ കൈകടത്തലുമാവും. വെറുമൊരു ആരോപണത്തിന്റെ പേരിലും ലോക്പാല്‍ അന്വേഷണം തുടങ്ങാം. അത് ജഡ്ജിമാര്‍ക്ക് ഭീതികൂടാതെ പ്രവര്‍ത്തിക്കുന്നതിനു വിഘാതമാകും.

അതുകൊണ്ട് സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി പരാതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ എന്ന പ്രത്യേക സംവിധാനം ഉണ്ടാകണം. ജഡ്ജി നിയമനവും ഉയരുന്ന പരാതികളും അഴിമതിയും പരിഹരിക്കലും കമീഷനാവണം. ഇതിന് പ്രത്യേക നിയമനിര്‍മാണം വേണ്ടിവരും.


പാര്‍ലമെന്റ് അംഗങ്ങള്‍ 


പാര്‍ലമെന്റ് അംഗങ്ങളും നിയമപരിധിയില്‍ വരണം. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്താനും അഴിമതി അന്വേഷിക്കാനും ഇപ്പോഴുള്ള സംവിധാനം ദുര്‍ബലമാണ്. ആര്‍ട്ടിക്കിള്‍ 105 അനുസരിച്ച് അംഗങ്ങള്‍ക്ക് സംസാര സ്രാതന്ത്ര്യത്തിനും വോട്ടിങ്ങിനും പ്രത്യേക സംരക്ഷണമുണ്ട്. ഈ സ്വാതന്ത്ര്യവും സംരക്ഷണവും എംപിമാരുടെ അഴിമതിക്ക് ബാധകമാകരുത്. ആര്‍ട്ടിക്കിള്‍ 105 ല്‍ ഭേദഗതി വരുത്തി പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മായി വിലയിരുത്താനും അഴിമതി തടയാനും കഴിയണം. പറ്റുമെങ്കില്‍ , വോട്ടിങ്, പ്രസംഗം തുടങ്ങി എംപിയുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തിനു പിന്നില്‍ അഴിമതിയുണ്ടെങ്കില്‍ അത് അഴിമതി നിരോധന പരിധിയില്‍ വരുത്താന്‍ കഴിയണം.


ലോകായുക്തകള്‍ 

കേന്ദ്ര ലോക്പാല്‍ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണം.

കോര്‍പ്പറേറ്റ്-രാഷ്ട്രീയ ബന്ധം

ഉദാരവല്‍ക്കരണത്തിനു ശേഷം അഴിമതിക്കുള്ള പ്രധാന കരാണം വന്‍കിട ബിസിനസ്സുകാരും പൊതുപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നത് തിരിച്ചറിയണം. ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാലിന് കഴിയണം. അഴിമതിയിലൂടെ നേടിയ ലൈസന്‍സുകള്‍ , കരാറുകള്‍ , പാട്ടം തുടങ്ങിയവ റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കാനാവണം. ഇത്തരംസ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും നഷ്ടപ്പെട്ട പണംവീണ്ടെടുക്കാനും അധികാരമുണ്ടാകണം. ന്‍ ശുപാര്‍ശ നല്‍കാനുംകഴിയണം.

ഉപസംഹാരം 

1. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കുക
2. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനാകും വിധം പൗരാവകാശ സംരക്ഷണ നിയമം കൊണ്ടുവരുക
3. എംപിമാരെ അഴിമതി നിരോധന പരിധിയില്‍കൊണ്ടുവരാന്‍ ഭരണഘടനയുടെ വകുപ്പ് 105 ഭേദഗതി ചെയ്യുക


4. തെരഞ്ഞെടുപ്പിലെ പണാധിപത്യം തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം
5. സംസ്ഥാനങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ലോക്യുക്തകള്‍
6. കള്ളപ്പണം കണ്ടെത്താനും കണ്ടുകെട്ടാനും നടപടി

2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

അഴിമതിയുടെ സാംസ്കാരിക സ്വത്വം - പ്രൊഫ. കെ എന്‍ പണിക്കര്‍


  • അടുത്തയിടെ ഉണ്ടായ അവിശ്വസനീയമായ അഴിമതി സംഭവങ്ങള്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ അഴിമതിരാഷ്ട്രം എന്ന ബഹുമതി നേടിക്കൊടുത്തിരിക്കുന്നു. അഴിമതി ഒരു പുതുമയൊന്നുമല്ല, ഇന്ത്യയിലും വിദേശങ്ങളിലും. അഴിമതിയെക്കുറിച്ച് ഗവേഷണം നടത്തിയ സയ്യദ് അലാത്താസ് എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്വാതന്ത്ര്യാനന്തര മുതലാളിത്ത വികസന പ്രക്രിയയുമായി ഇതിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ വളര്‍ന്നുവന്ന ബൂര്‍ഷ്വാ സംസ്കാരവും ജീവിതരീതിയുമാണ് അഴിമതിയുടെ അടിസ്ഥാനപരമായ കാരണങ്ങളെന്നാണ് പല പണ്ഡിതന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ വൃന്ദവും തമ്മിലുള്ള സഹകരണവും സഹായവും അഴിമതിയ്ക്ക് വഴിയൊരുക്കുകയും കോഴ വാങ്ങിയവരെ സംരക്ഷിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോഴ സര്‍വ്വ സാധാരണമാണെങ്കില്‍ കൂടി അതിെന്‍റ പേരില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥന്മാരും വിരളമാണ്. അതുകൊണ്ട് കോഴയും അഴിമതിയും ഭരണസംസ്കാരത്തിെന്‍റ ഭാഗമായി മാറി. പടിപടിയായി വളര്‍ന്നുവന്ന ആ സംസ്കാരം ഇന്ന് സമൂഹത്തെയാകെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കോഴയും അഴിമതിയും അനഭിലഷണീയമായ വ്യതിയാനങ്ങളല്ലെന്നും ഭരണവ്യവസ്ഥയുടെ സ്വാഭാവികമായ രീതി മാത്രമാണെന്നുമുള്ള ഒരു പൊതുബോധം സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

    ഭരണകര്‍ത്താക്കള്‍ ന്യായീകരിക്കുകയും ജനങ്ങള്‍ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ദുരന്തമാണ് അഴിമതി. അഴിമതിക്ക് പല രൂപങ്ങളുമുണ്ട്. പരമ്പരാഗത ഭരണസംവിധാനത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥന്മാര്‍ സ്വീകരിച്ചിരുന്ന മാമൂലുകള്‍ മുതല്‍ ഇന്ന് വസൂലാക്കുന്ന വമ്പിച്ച കോഴ വരെ. പൊതുവില്‍ ഭരണസംവിധാനത്തെ അവിഹിതമായി ഉപയോഗിച്ച് കയ്യാളുന്ന എല്ലാ ആനുകൂല്യങ്ങളേയും അഴിമതിയെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഓരോ കാലഘട്ടത്തിലും അഴിമതിയുടെ സ്വഭാവവും തോതും മാറുന്നു. ഫ്യൂഡല്‍ - കൊളോണിയല്‍ കാലഘട്ടങ്ങളിലുണ്ടായിരുന്ന അഴിമതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ആഗോളീകരണ സന്ദര്‍ഭത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അഴിമതി. അന്ന് അഴിമതി അസാധാരണ സംഭവമായിരുന്നെങ്കില്‍ ഇന്ന് സര്‍വ്വസാധാരണമായ സാമൂഹ്യ സംസ്കാരമായി മാറി കഴിഞ്ഞിരിക്കുന്നു. ഭരണവര്‍ഗത്തിെന്‍റ സാംസ്കാരിക സ്വത്വമായി അഴിമതി വികസിച്ചിരിക്കുന്നു. ഈ മാറ്റത്തിന് പ്രധാന കാരണം മദ്ധ്യവര്‍ഗത്തിെന്‍റ സുഖലോലുപതയും സാമൂഹ്യസമീപനവുമാണ്.

    അഴിമതി ഒരു സാമൂഹ്യ പ്രതിഭാസമായതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലകശക്തി മദ്ധ്യവര്‍ഗത്തിെന്‍റ ആദര്‍ശരാഹിത്യമാണ്. തങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി അവര്‍ അവിഹിതമായ സാമ്പത്തിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. തല്‍ഫലമായി മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും കാര്യസാധ്യത്തിനു കോഴ നല്‍കണമെന്ന സ്ഥിതി വന്നിരിക്കുകയാണ്, ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും. നീണ്ട ക്യൂവില്‍ നില്‍ക്കുന്നതിനേക്കാള്‍ അഭികാമ്യം കോഴ കൊടുക്കുകയാണെന്ന് അഷീസ് നന്ദിയെപ്പോലുള്ള ബുദ്ധിജീവികള്‍പോലും പറയുന്നു. അതുകൊണ്ടു എത്ര തന്നെ സത്യസന്ധനായാലും അഴിമതിക്ക് അടിമപ്പെടാതെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് സമൂഹം. കോഴ കൊടുക്കുന്നതും കോഴ വാങ്ങുന്നതും അഴിമതിയാണ്. അതുകൊണ്ട് അഴിമതിക്കാരല്ലാത്തവര്‍ സമൂഹത്തില്‍ ഇല്ലാതായിരിക്കുന്നു. അഴിമതിക്ക് മറ്റൊരു തലമുണ്ട്. അടുത്തകാലത്ത്, ഉദാരവല്‍ക്കരണത്തിനുശേഷം, ഉരുത്തിരിഞ്ഞുവന്ന അഴിമതിയുടെ സ്വഭാവം. ആഗോളവല്‍ക്കരണം അഴിമതിയുടെ സാധ്യതകളെ പല മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. സ്വകാര്യമൂലധനത്തിന് ഉല്‍പാദനമേഖലയിലും വാണിജ്യമേഖലയിലും സ്വാതന്ത്ര്യം നല്‍കിയതോടുകൂടി ലാഭേച്ഛുക്കളായ വ്യക്തികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ഒരു കടന്നാക്രമണം തന്നെ സംഭവിച്ചിരിക്കുന്നു. അതേസമയത്തുതന്നെ അവയുടെ പ്രവര്‍ത്തനത്തില്‍ ഔദ്യോഗിക നിയന്ത്രണം നിലനിര്‍ത്തുകയും ചെയ്യുന്നു. അതായത് നയപരമായ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും പ്രായോഗികതലത്തില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും കടിഞ്ഞാണ്‍ നിലനില്‍ക്കുന്നു എന്നര്‍ത്ഥം. ഈ വിരോധാഭാസമാണ് വന്‍തോതിലുള്ള അഴിമതിക്കാണ് വഴിവെച്ചത്. വമ്പിച്ച അവിഹിത സമ്പാദ്യമുണ്ടാക്കാനുള്ള ഇടം ഇതിലൂടെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരിക്കുന്നു. ബിജെപിയുടെ ഭരണകാലത്ത് പൊതുസ്ഥാപനങ്ങള്‍ വിറ്റഴിച്ച അരുണ്‍ഷൂരിയും, ഡിഎംകെ മന്ത്രിയായ രാജയും, കോണ്‍ഗ്രസ് നേതാവായ കല്‍മാഡിയും അഴിമതി മാഫിയയുടെ പ്രതിനിധികള്‍ മാത്രമാണ്.

    അഴിമതിയിലൂടെ സമാഹരിച്ചെടുത്ത അവിഹിത ധനം ഒരു വളരെ ചെറിയ ജനവിഭാഗത്തിെന്‍റ വരുതിയിലാണ് എത്തിച്ചേരുന്നത്. സ്വിറ്റ്സര്‍ലണ്ടിലെ ബാങ്കുകളിലും ദല്‍ഹിയിലെയും മുംബൈയിലെയും വ്യാപാര വിപണികളിലും ഈ ധനം നിക്ഷേപിക്കപ്പെടുന്നു. ഇതില്‍ അധികാംശവും ഷൂരിയേയും, രാജയെയും, കല്‍മാഡിയേയും പോലുള്ളവര്‍ അവിഹിതമായി സമാഹരിച്ച കള്ളപ്പണമാണ്. രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും ഇതില്‍ ഓഹരിയുണ്ടാകാമെന്നതുകൊണ്ട് അതു കണ്ടുകെട്ടാനുള്ള നടപടികളൊന്നും കൈക്കൊണ്ടു എന്നു വരികയില്ല. അഴിമതി ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല. സാംസ്കാരികവും, രാഷ്ട്രീയവും, ധാര്‍മികവുമായ പ്രശ്നം കൂടിയാണ്. കള്ളപ്പണം ഒരു പുതിയ സാംസ്കാരിക മേഖലയ്ക്ക് രൂപംകൊടുത്തുകൊണ്ടിരിക്കുന്നു, ബോളിവുഡ് മുതല്‍ വിദേശ വസ്തുക്കള്‍ വരെ. അഴിമതികൊണ്ടു സമ്പന്നരായവര്‍ കമ്പോളവും കലയുമടങ്ങുന്ന സാംസ്കാരിക ജീവിതത്തില്‍ ഇടപെടുകയും ചെയ്യുന്നു. തല്‍ഫലമായി ഈ ജീവിതവുമായി ബന്ധമില്ലാത്ത ഒരു സാംസ്കാരിക ജീവിതം ആദര്‍ശവല്‍ക്കരിക്കപ്പെടുകയാണ്. അത്തരം ആദര്‍ശവല്‍ക്കരണത്തിെന്‍റ രക്തസാക്ഷികളായ ഒരു യുവതലമുറയെ എല്ലാ നഗരങ്ങളിലും ഇന്ന് കാണാന്‍ കഴിയും. അന്യദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത ആഢംബര വസ്തുക്കളും, വിദേശ രാജ്യങ്ങളുടെ സാംസ്കാരിക ജീവിതം സ്വായത്തമാക്കാനുള്ള അമിതമോഹവും ഈ തലമുറയെ അസാന്മാര്‍ഗികമായ ജീവിതത്തിലേയ്ക്ക് ആകര്‍ഷിക്കുന്നു. സമൂഹത്തില്‍ ഇന്ന് കാണുന്ന മൂല്യച്യുതിയുടെ ഒരു പ്രധാനപ്പെട്ട കാരണം കള്ളപ്പണമാണെന്നു കാണാം. അവിഹിതമായി സമ്പാദിച്ച സ്വത്ത് അധാര്‍മികമായി ഉപയോഗിക്കാന്‍ മടി കാണുകയില്ല. അതുകൊണ്ട് അഴിമതി സമൂഹത്തില്‍ നടക്കുന്ന ക്രയവിക്രയങ്ങളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അഴിമതിയുടെ നിര്‍വ്വചനം പുനര്‍വ്യാഖ്യാനം ചെയ്യപ്പെടേണ്ടതാണ്. ഉദ്യോഗസ്ഥന്മാര്‍ കൈപ്പറ്റുന്ന കോഴ മാത്രമാണോ അഴിമതി? ഇന്ത്യയെപ്പോലെ എണ്‍പതുശതമാനം പൗരന്മാര്‍ ഇരുപതു രൂപ കൊണ്ട് നിത്യവൃത്തി കഴിക്കുന്ന ഒരു രാജ്യത്ത് ഒരു ദിവസം കേസ് വാദിക്കാന്‍ 50 ലക്ഷം രൂപ വാങ്ങിക്കുന്നത് അഴിമതിയല്ലേ? അതേപോലെ തന്നെ അമ്പതുശതമാനം ജനങ്ങള്‍ കുടിലുകളില്‍ താമസിക്കുന്ന സമൂഹത്തില്‍ 14 നിലയുള്ള കെട്ടിടത്തില്‍ രണ്ടുപേര്‍ ജീവിക്കുന്നത് അഴിമതിയല്ലേ? അഴിമതിയാണ് ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് വാദിക്കുന്ന അന്ന ഹസാരെയും ശാന്തിഭൂഷണുമൊക്കെ ഈ യാഥാര്‍ത്ഥ്യം എന്തുകൊണ്ടു കാണാതെ പോകുന്നു? ആദര്‍ശരഹിതമായ രാഷ്ട്രീയത്തില്‍നിന്ന് അഴിമതി ഉടലെടുക്കുകയും, അഴിമതിയില്‍നിന്ന് ആദര്‍ശരഹിത രാഷ്ട്രീയം ഉരുത്തിരിയുകയും ചെയ്യുന്നു. അഴിമതികൊണ്ട് ആര്‍ജിച്ച പണംകൊണ്ടാണ് പലരും രാഷ്ട്രീയ അധികാരം കയ്യാളുന്നത്. രാഷ്ട്രീയ സ്വാധീനമല്ല, അധികാരം തന്നെ. അഴിമതിക്കാര്‍ മന്ത്രിക്കസേരകളില്‍ വിരാജിക്കുന്നത് വിരളമല്ല. ഇന്ത്യയിലെ ജനാധിപത്യം അതുകൊണ്ട് ജനങ്ങളുടെ ഭരണമല്ലാതെ പണാധിപത്യഭരണമായി മാറിക്കൊണ്ടിരിക്കുകയാണ്. നോട്ടുകള്‍ക്ക് പകരം വോട്ട് എന്ന മുദ്രാവാക്യം രാഷ്ട്രീയ സിദ്ധാന്തമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റം ആരംഭിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ഭരണകാലം മുതലാണ്. അധികാരത്തിനുവേണ്ടി ആദര്‍ശത്തെ ബലി കഴിക്കുന്നതില്‍ തെറ്റില്ലെന്ന് വരുത്തിവെച്ചത് അവരായിരുന്നു. അതിനുശേഷമാണ് ഒന്നിനു പിറകെ മറ്റൊന്നായി അഴിമതി കാണ്ഡങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുരുളഴിഞ്ഞത്.

    സത്യസന്ധനായി പൊതുവെ സ്വീകരിക്കപ്പെടുന്ന മന്‍മോഹന്‍ സിങ്ങിെന്‍റ ഭരണകാലത്ത് അഴിമതി പരമകോടിയിലെത്തുകയും ചെയ്തു. ഇന്ന് അഴിമതി ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നു. എല്ലാ മേഖലകളിലും, ഗ്രാമപഞ്ചായത്തു മുതല്‍ കേന്ദ്ര മന്ത്രിസഭ വരെ. പക്ഷേ, ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ അധികാരത്തില്‍ തുടരുന്നു. എ രാജ ഈ പൊതുസ്വഭാവത്തിന് ഒരപവാദമാണ്. അദ്ദേഹത്തിന് മുമ്പ് എത്രയെത്ര രാഷ്ട്രീയ നേതാക്കള്‍ക്ക് അഴിമതി ആരോപണങ്ങള്‍ ഏശാതെ പോയിട്ടുണ്ട്! എത്രയെത്ര ജനപ്രതിനിധികള്‍ അഞ്ചുകൊല്ലങ്ങള്‍കൊണ്ട് കോടീശ്വരന്മാരായിട്ടുണ്ട്! എത്രയെത്ര ഉന്നത ഉദ്യോഗസ്ഥന്മാര്‍ നോട്ടുകെട്ടുകള്‍ കിടപ്പറകളില്‍ ഒളിച്ചു സൂക്ഷിച്ചിട്ടുണ്ട്! അവരില്‍ ബുദ്ധിമാന്മാരായവര്‍ സ്വിസ് ബാങ്കിെന്‍റ താക്കോല്‍ കൈവശമാക്കിയിട്ടുണ്ട്! അവരുടെയൊന്നും പണത്തിെന്‍റ സ്രോതസ്സ് മാസശമ്പളമല്ലെന്ന് സുവിദിതമാണ്. ഈ സ്ഥിതിവിശേഷത്തോട് ഭരണകൂടത്തിെന്‍റയും പൊതുസമൂഹത്തിെന്‍റയും പ്രതികരണം തികച്ചും അവസരവാദപരമാണ്. ഈ ചെയ്തികളെ കഴിയുന്നത്ര മൂടിവെയ്ക്കാനാണ് ഭരണകൂടം ശ്രമിച്ചിട്ടുള്ളത് - മുണ്ഡ്രകാണ്ഡം മുതല്‍ രാജകാണ്ഡം വരെ. അവയൊക്കെ ദുഷിച്ച് നാറാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് ഭരണകൂടം രംഗത്തുവരുന്നത്. അല്ലറ ചില്ലറ നടപടികളെടുത്ത് അവരെയൊക്കെ രക്ഷിക്കുകയും ചെയ്യുന്നു. സംസ്ഥാന മന്ത്രിസഭകളിലെ അഴിമതിക്കാരെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് സ്ഥലംമാറ്റുക. കേന്ദ്ര മന്ത്രിസഭയിലെ അഴിമതിക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കുക. ഇതാണ് ശിക്ഷാ നടപടി. പൗരസമൂഹത്തിലെ ഉന്നതന്മാര്‍ പലരും അഴിമതിക്കാരുടെ വക്കാലത്ത് പിടിച്ചവരാണ്. മദ്ധ്യവര്‍ഗം അഴിമതിയുടെ അടിത്തറയുമാണ്. അതുകൊണ്ട് ഈ രണ്ട് വിഭാഗങ്ങളില്‍നിന്നും കഴിഞ്ഞ അമ്പതിലേറെ കൊല്ലങ്ങളായി പറയത്തക്ക എതിര്‍പ്പൊന്നുമുണ്ടായില്ല. വളരെ അലസതയോടെയാണ് സമൂഹം അഴിമതിയെ നേരിട്ടത്.

    രാഷ്ട്രീയ - സാമൂഹ്യ സ്വാധീനമുള്ള പൗരസമൂഹ പ്രതിനിധികളുടെയും മദ്ധ്യവര്‍ഗത്തിെന്‍റയും ജീവിതത്തെ അത് ബാധിച്ചില്ല എന്നതായിരിക്കാം കാരണം. അല്ലെങ്കില്‍ കൊച്ചു കൊച്ച് അഴിമതികളെ മറികടക്കാനുള്ള സ്വാധീനം അവര്‍ക്കുണ്ടായിരുന്നു എന്നതാകാം. പക്ഷേ, കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളില്‍ അഴിമതിയുടെ തോത് അവര്‍ണ്ണനീയമായി, അസഹീനമായി വളര്‍ന്നിരിക്കുന്നു. ഇങ്കര്‍സോളിെന്‍റ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു അതിസമ്പന്നവര്‍ഗം നിലവില്‍ വന്നിരിക്കുന്നു. അവര്‍ എന്തും വിലയ്ക്കു വാങ്ങാന്‍ സന്നദ്ധരാണ്. അവരുടെ ആക്രമണോത്സുകമായ മുന്നേറ്റത്തിനുമുന്നില്‍ പൗരസമൂഹവും മധ്യവര്‍ഗവും പുറംതള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൗരസമൂഹ പ്രതിനിധികളും മദ്ധ്യവര്‍ഗ കാഴ്ചക്കാരും അഴിമതിയ്ക്കെതിരായി രംഗപ്രവേശം ചെയ്തിട്ടുള്ളത് ഈ സന്ദര്‍ഭത്തിലാണ്. അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിവിധിയാണ് ലോക്പാല്‍ ബില്‍ എന്ന പുതിയ അഴിമതി ശിക്ഷാനിയമം. ലോക്പാല്‍ ബില്ലിെന്‍റ ലക്ഷ്യം നിലവിലുള്ള മറ്റു നിയമങ്ങളെപ്പോലെ അഴിമതിക്കാരെ ശിക്ഷിക്കുകയാണ്. അഴിമതി തടയുകയല്ല. അഴിമതി തടയാനുള്ള സംവിധാനമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടത്. അതിന് തികച്ചും വ്യത്യസ്തമായ ഭരണരീതിയാണ് ആവശ്യം. സുതാര്യമായ ഒരു ഭരണസമ്പ്രദായമുണ്ടെങ്കില്‍ കോഴ കൊടുക്കേണ്ട സാഹചര്യമുണ്ടാകുകയില്ല. ഇന്ന് ഭരണ തീരുമാനങ്ങള്‍ ഗോപ്യമാണ്. അതുകൊണ്ട് സ്വാധീനമുള്ള ഇടത്തട്ടുകാര്‍ ഭരണത്തിനും ജനങ്ങള്‍ക്കുമിടയില്‍നിന്നുകൊണ്ട് അഴിമതി നടത്തുന്നു. കൊളോണിയല്‍ കാലഘട്ടത്ത് ആരംഭിച്ച ഈ പ്രക്രിയ ഇന്നും അതേപോലെ നിലനില്‍ക്കുന്നു.

    2 ജിയെയും കോമണ്‍വെല്‍ത്ത് ഗെയിമിനെയും കുറിച്ചുള്ള തീരുമാനങ്ങളെടുക്കുന്നത് അപ്പപ്പോള്‍ പൊതുസമൂഹത്തിെന്‍റ മുന്നിലായിരുന്നുവെങ്കില്‍ , രാജയും കല്‍മാഡിയും എന്നേ നിരായുധരായേനെ. വിവരാവകാശനിയമം അഴിമതിയെ കാര്യമായി ബാധിക്കുകയില്ലെന്നു കണ്ടുകഴിഞ്ഞു. കാരണം അഴിമതി സംഭവിച്ചതിനുശേഷമാണ് വിവരാവകാശനിയമം പ്രാവര്‍ത്തികമാകുന്നത്. ആഗോളവല്‍ക്കരണത്തിനുശേഷമാണ് അഴിമതി വര്‍ദ്ധിച്ചത് എന്നത് യാദൃച്ഛികമല്ല. നവഉദാരരീതി ഉന്നത മധ്യവര്‍ഗത്തിെന്‍റ ഉപഭോഗ സാദ്ധ്യതകളില്‍ ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തുകയും, ധനാര്‍ജ്ജനത്തിന് പുതിയ കവാടങ്ങള്‍ തുറന്നിടുകയും ചെയ്തു. ദ്രുതഗതിയില്‍ ധനം സമാഹരിക്കാന്‍ അഴിമതിയാണ് ഏറ്റവും എളുപ്പമുള്ള വഴി. പൊതുസമ്പത്തിനെ ഭരണസ്വാധീനം ഉപയോഗിച്ച് സ്വകാര്യമാക്കുകയാണ് അതിെന്‍റ രീതി. ഈ രീതി ഉപയോഗിക്കുന്നതില്‍ ജാതി മത വ്യത്യാസമില്ല. മുതലാളിത്തത്തിെന്‍റ താല്‍പര്യമായ ലാഭക്കൊതിയാണ് അഴിമതിയുടെ സംസ്കാരം. ആ സാംസ്കാരിക സ്വത്വത്തെ മറികടക്കാതെ അഴിമതിക്ക് പ്രതിവിധിയുണ്ടാകുകയില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയുള്ള പ്രക്ഷോഭങ്ങള്‍ നിരര്‍ത്ഥകമാണ്. അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തുന്ന പൗരസമൂഹ വക്താക്കളുടെ അജണ്ടയുടെ ദൗര്‍ബല്യവും അതുതന്നെ.

2011 ജൂൺ 30, വ്യാഴാഴ്‌ച

ഭൂതകാലം വിറ്റുതിന്നുന്ന ഒറ്റുകാരനോ? ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ പ്രതികരിക്കുന്നു



"ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ പൊറുക്കുമെന്നറിയാം" എന്ന മുഖവുരയോടെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമി പത്രത്തിലെഴുതിയ അസംബന്ധങ്ങളോട് ഈ നിശ്ചലാവസ്ഥയിലും എനിക്ക് പ്രതികരിക്കാതിരിക്കാനാവുന്നില്ല. എന്റെ ശരീരമേ തളര്‍ന്നിട്ടുള്ളൂ-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനോങ്ങി വരുന്ന വിഷജന്തുക്കളോട് പ്രതികരിക്കാനുള്ള മനസ്സ് ഒട്ടും തളര്‍ന്നിട്ടില്ല. അഞ്ചു സഖാക്കളുടെ ജീവനെടുത്ത അതേ വെടിയുണ്ട എന്റെ നട്ടെല്ലിലും മജ്ജയിലും അസഹ്യമായ വേദനയായി ഇപ്പോഴും തുളഞ്ഞുകയറുന്നുണ്ട്. എന്നാല്‍ , താങ്കള്‍ അക്ഷരങ്ങളെ വിഷംപുരട്ടിയ വെടിയുണ്ടകളാക്കി സത്യത്തിന്റെ നെഞ്ചിലേക്കുതിര്‍ക്കുമ്പോള്‍ എന്റെ വേദന എത്ര നിസ്സാരമെന്ന് പറയാന്‍ തോന്നുന്നു. ഇല്ല, അപ്പുക്കുട്ടന്‍ താങ്കള്‍മാപ്പര്‍ഹിക്കുന്നില്ല. ഭൂതകാലം വിറ്റുതിന്നുന്ന ഒരു ഒറ്റുകാരനെയാണ് താങ്കളില്‍ കാണാനാവുന്നത്. താങ്കള്‍ പറഞ്ഞതുപോലെ വിപ്ലവാദര്‍ശങ്ങളുടെ ചൂടില്‍തന്നെയാണ് കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ , വിപ്ലവാദര്‍ശങ്ങളില്‍നിന്ന് വഴിപിഴച്ചുപോയ താങ്കളുടെ പതനത്തിന്റെ ആഴം എത്ര അഗാധമാണെന്ന് ഈ ലേഖനത്തില്‍നിന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചുകൊന്ന സമരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് വഴി താങ്കള്‍ അന്നത്തെ ഭരണകൂട ഭീകരതയെത്തന്നെ ന്യായീകരിക്കുകയാണ്.
ഞങ്ങള്‍ അന്ന് സമരത്തിന് പോയത് ജീവിതത്തിലേക്ക് തിരികെയില്ലെന്ന് തീരുമാനിച്ചുകൊണ്ടല്ല-സര്‍ക്കാര്‍ഭൂമിയും പണവും ഉപയോഗിച്ച് മെഡിക്കല്‍ കോളെജ് ഉണ്ടാക്കി സ്വകാര്യസ്വത്താക്കി മാറ്റുന്നതിലും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെ അഴിമതി നിയമനത്തിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു. അധികാരം മത്തുപിടിപ്പിച്ച ഒരു ഭരണാധികാരിയുടെ ക്രൂരതയാണ് ഞങ്ങളെ രക്തസാക്ഷികളാക്കിയത്. അത് മറന്നുപോയ അപ്പുക്കുട്ടന്‍ , അന്ന് കൂത്തുപറമ്പില്‍ എത്തി എന്നത് ഒരു മേനിയായി പറയുന്നു. വെടിവെപ്പുകഴിഞ്ഞ്, അഞ്ച് മരണങ്ങളുണ്ടായ ശേഷംമാത്രം കണ്ണൂരില്‍നിന്ന് തിരിച്ച താങ്കള്‍ എങ്ങനെയാണ് വെടിയേറ്റവരെയും കൊണ്ട് ഓടുന്നതും അപ്പോള്‍ ചോരയൊഴുകുന്നതും കാണുന്നത്? പുതിയ വേഷം കെട്ടുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഇത്തരം കള്ളങ്ങളും ആവശ്യമാകും അല്ലേ? പോര്‍മുഖത്തെ ചോരച്ചാലുകളില്‍നിന്നാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സിപിഐ എമ്മും ആവേശവും ഊര്‍ജവും വലിച്ചെടുത്ത് പില്‍ക്കാലത്ത് എറെ വളര്‍ന്നത് എന്ന താങ്കളുടെ നിരീക്ഷണം ഭരണാധികാരി വര്‍ഗത്തിനു വേണ്ടിയുള്ള കുഴുലൂത്തല്ലാതെ മറ്റെന്താണ്? രക്തസാക്ഷികള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ വഴിവിളക്കു തന്നെയാണ്. താങ്കളെപ്പോലുള്ള അവസരവാദികള്‍ക്ക് അത് കാണാനാവില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജീവത്യാഗം അന്ന് പടനയിച്ച എം വി ജയരാജനെ പലതലങ്ങളിലേക്കുയര്‍ത്തി എന്ന് അപ്പുക്കുട്ടന്‍ സമര്‍ഥിക്കുന്നു. അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ , കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്‍ , വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്ക് കൂത്തുപറമ്പ് രക്തസാക്ഷിത്വം വഴി നേട്ടങ്ങളുണ്ടായിരുന്നു എന്നുപറയുന്നു. അന്ന് അതിഭീകരമായി പരിക്കേറ്റവരില്‍ എം വി ജയരാജനും എം സുരേന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്ന ഓര്‍മ അപ്പുക്കുട്ടനില്‍നിന്ന് മാഞ്ഞുപോയതെന്തേ? അവര്‍ക്കെല്ലാം ഇന്നുള്ള സ്ഥാനങ്ങള്‍ കൂലിയായി കിട്ടിയതാണെന്ന് അപ്പുക്കുട്ടന്‍ കരുതിപ്പോയോ? നേതാക്കളെ പാര്‍ടി ഏല്‍പ്പിക്കുന്ന ചുമതലകളെ വ്യക്തിപരമായ നേട്ടങ്ങളാക്കി തൂക്കിനോക്കുന്ന താങ്കള്‍ ഇത്ര അല്‍പനായതെന്തേ അപ്പുക്കുട്ടന്‍ ? ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി വന്ന് പത്രത്തിന്റെ നേതൃത്വത്തിലേക്ക് വളര്‍ന്ന ആളാണല്ലോ താങ്കള്‍ . വളര്‍ച്ച പോരെന്നു തോന്നിയപ്പോഴാണല്ലോ സേവ് ഫോറമുണ്ടാക്കി പാര്‍ടിയെ ഒറ്റിക്കൊടുത്തതും പുറത്തായതും. രക്തസാക്ഷിത്വവും നേട്ടങ്ങളുടെ ചവിട്ടുപടിയായി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. കുതികാല്‍വെട്ടിന്റെയും സഹജീവികളോടുള്ള വഞ്ചനയുടെയും അഹങ്കാരത്തിന്റെയും കാപട്യങ്ങളുടെയും ഭൂതകാലം താങ്കളില്‍ ഇന്നും നുരഞ്ഞുപതയുന്നുവോ? താങ്കള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി വരെ എത്തിയത് ഏതു ത്യാഗത്തിന്റെ കൂലി വാങ്ങിയിട്ടാണ്. നൂറ് ശതമാനം മെറിറ്റ് സീറ്റിനു വേണ്ടിയായിരുന്നു കൂത്തുപറമ്പിലെ സമരമെന്ന് പറയുന്ന അപ്പുക്കുട്ടന്‍ , സ്വാശ്രയ സ്ഥാപനങ്ങളില്‍ 100 ശതമാനം മെറിറ്റ് സീറ്റ് എന്ന ആവശ്യം ഡിവൈഎഫ്ഐയോ എസ്എഫ്ഐയോ മറ്റേതെങ്കിലും സംഘടനയോ എവിടെയെങ്കിലും മുന്നോട്ടുവെച്ചതായി തെളിയിക്കാമോ? മെഡിക്കല്‍ പിജി പ്രവേശനത്തിന് 50:50 എന്ന അനുപാതം പ്രവര്‍ത്തികമാക്കാന്‍ സന്നദ്ധത ആദ്യം പ്രകടിപ്പിച്ചത് എം വി ജയരാജന്‍ നേതൃത്വം നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളെജ് ആണെന്നത് താങ്കള്‍ എങ്ങനെ മറന്നുപോകുന്നു?
എല്‍ഡിഎഫ് സര്‍ക്കാര്‍കാലത്ത് ഫലപ്രദമായി പിന്തുടര്‍ന്ന 50:50 ഫോര്‍മുല ഭരണമാറ്റത്തിന്റെ ഘട്ടത്തില്‍ത്തന്നെ അട്ടിമറിക്കപ്പെട്ടതല്ലേ? നിശ്ചിത സമയത്ത് മെറിറ്റ് ലിസ്റ്റ് നല്‍കാതെ മുഴുവന്‍ സീറ്റും മാനേജ്മെന്റ് ക്വോട്ടയില്‍ വില്‍ക്കാന്‍ അവസരം ഒരുക്കിയത് യുഡിഎഫ് സര്‍ക്കാരല്ലേ? അതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. അതു കണ്ടെന്നുനടിക്കാതെ രക്തസാക്ഷികളുടെ നെഞ്ചില്‍ കയറുമ്പോള്‍ ശ്രീ അപ്പുക്കുട്ടന്‍ , താങ്കള്‍ സ്വകാര്യ സാശ്രയകോളെജുകളുടെ ദല്ലാള്‍ വേഷവും കെട്ടുകയാണോ? പരിയാരം മെഡിക്കല്‍ കോളെജിനെ അധിക്ഷേപിച്ച് സ്വകാര്യ സ്വാശ്രയ കച്ചവടത്തെയാകെ ന്യായീകരിക്കുന്നതിന്റെ ചേതോവികാരം എന്താണെന്നെങ്കിലും താങ്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. രണ്ടു മന്ത്രിമാരുടെ പ്രശ്നംമാത്രമായി ഇതിനെ പരിമിതപ്പെടുത്തി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തെ വെള്ളപൂശാന്‍ എന്തിന് വ്യഗ്രത? 50 ശതമാനം സീറ്റ് "പിടിച്ചെടുക്കാനുള്ള" സര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിക്കുന്നത് അതിന്റെ പൊള്ളത്തരം താങ്കള്‍ക്ക് അറിയാഞ്ഞിട്ടോ? മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് വിധേയമായി അഡ്മിഷന്‍ പൂര്‍ത്തിയാക്കിയെന്ന ന്യായം പറഞ്ഞ് മെറിറ്റ് സീറ്റ് നിഷേധിക്കാനും മാനേജ്മെന്റ് ക്വോട്ടയില്‍ ചേര്‍ന്ന വിദ്യാര്‍ഥികളെക്കൊണ്ട് കേസ് കൊടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കാനുമുള്ള മാനേജ്മെന്റുകളുടെ നീക്കം മനസ്സിലാക്കാനുള്ള വിവേകവും താങ്കള്‍ക്ക് നഷ്ടപ്പെട്ടോ? നഗ്നമായ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുകയും ഉമ്മന്‍ചാണ്ടിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ , താങ്കള്‍ക്കതുകൊണ്ട് എന്തു പ്രയോജനമുണ്ടാകും എന്ന ചോദ്യമെങ്കിലും ഞങ്ങള്‍ ഉയര്‍ത്തട്ടെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എംബിബിഎസ് സീറ്റുകള്‍ 100 ശതമാനവും സ്വന്തമാക്കി. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍നിന്ന് മൂന്നരലക്ഷം രൂപ ഫീസ് ഈടാക്കുമെന്ന മാനേജ്മെന്റിന്റെ ധിക്കാരത്തെ അപ്പുക്കുട്ടനല്ലാതെ മറ്റാരും ന്യായീകരിക്കുന്നത് കണ്ടില്ല. കൂത്തുപറമ്പിലേക്കുള്ള മാര്‍ഗമധ്യത്തില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് താങ്കള്‍ സംശയിച്ചു. എനിക്കിപ്പോള്‍ സംശയമില്ല-വലത്തോട്ടാണ് താങ്കള്‍ പിന്നീട് തിരിഞ്ഞത്. സര്‍ക്കാര്‍ ഭൂമിയും പൊതുഖജനാവിലെ പണവും കൊണ്ടു പടുത്തുയര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളെജ് ഇന്ന് ജനങ്ങളുടെ സ്വത്താണ്. കോളെജ് നടത്തിപ്പിനും ആശുപത്രി നടത്തിപ്പിനുമല്ലാതെ ഒരു പൈസയും ഒരാളുടെ പോക്കറ്റിലേക്കും പോകുന്നില്ല. ജനങ്ങളാണ് ഉടമകള്‍ -ആ ആശുപത്രിയുടെ അഭിവൃദ്ധി ജനങ്ങളുടെയും നാടിന്റെയും കൂടി അഭിവൃദ്ധിയാണ്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ അഴിമതിയും അര്‍ഥശാസ്ത്രവുമായി അതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. സിപിഐ എം നേതൃത്വംനല്‍കുന്ന ഭരണസമിതി മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യപ്രതിബദ്ധതയും സുതാര്യതയും ജനങ്ങളില്‍ നല്ല മതിപ്പുതന്നെ ഉളവാക്കിയിട്ടുണ്ട്. പഴയ പരിചയക്കാരനായ അപ്പുക്കുട്ടനോട് പറയട്ടെ, രക്തസാക്ഷികളുടെ മുഖത്തെ ചിരി അങ്ങനെയൊന്നും മായുന്നതല്ല. താങ്കളെപ്പോലുള്ള ഒറ്റുകാരുടെ ചതിക്കുമുന്നില്‍ ആ ചിരി മങ്ങിയേക്കുമെന്നുമാത്രം. സ്വന്തം ജീവരക്തംകൊണ്ട് ചരിത്രമെഴുതിയ രക്തസാക്ഷികളെയും അവരെ നെഞ്ചിലേറ്റുന്ന ജനങ്ങളെയും അവരുടെ പ്രസ്ഥാനത്തെയും അവമതിച്ചുകൊണ്ട് താങ്കള്‍ എഴുതുന്ന ആ പംക്തിയുടെ പേരെങ്കിലും "വലതുപക്ഷം" എന്നാക്കിയെങ്കില്‍ എന്നാശിച്ചുപോകുന്നു.