2011 മേയ് 27, വെള്ളിയാഴ്‌ച

തങ്ങള്‍ സമക്ഷം, മുഖ്യന്‍ സമക്ഷം....ബാബുപോള്‍


ഫ്രാന്‍സിലെ ബൂര്‍ബോണ്‍ രാജാക്കന്മാരെക്കുറിച്ച് അവര്‍ ഒന്നും പഠിക്കുന്നില്ല ഒന്നും മറക്കുന്നുമില്ല എന്ന് പറയാറുണ്ട്. ഐ.ജ.മുവിന്റെ വകുപ്പു വിഭജനം കണ്ടപ്പോള്‍ ഫ്രഞ്ചുവിപ്ലവം ഗുണപ്പെടുത്താത്ത ബൂര്‍ബോണുകളുടെ കൂടാരമാണോ അത് എന്ന് തോന്നിപ്പോയി. പത്ത് സംവല്‍സരങ്ങള്‍ക്കപ്പുറം മാണി സീയെഫ് തോമസിനെ മണ്ടന്‍ കളിപ്പിച്ച ഒരു സംഗതി ഉണ്ട്. റവന്യൂ വഴി അധികാരവും ഹൗസിങ് വഴി ‘റവന്യൂ’വും തനിക്കായി വേര്‍തിരിച്ച മാണി സീയെഫിന് കണ്ടെത്തിയ വകുപ്പായിരുന്നു ഗ്രാമ വികസനം. മാണി ഗൃഹപാഠം ചെയ്യാതെ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. എന്നാല്‍, 2001ല്‍ പാഠപുസ്തകം മാറിയത് അറിയാതെ പോയതിനാല്‍ ചെയ്ത ഗൃഹപാഠം തെറ്റി. 1996ല്‍ അധികാരം ഒഴിഞ്ഞപ്പോള്‍ ചീഫ് സെക്രട്ടറിയുടെ കണ്ണുവെട്ടിച്ച് മാണി ഒരു കൊച്ചുപുസ്തകം ജൂബയുടെ കീശയില്‍ ഇട്ടിരുന്നു. സെക്രട്ടേറിയറ്റ് നടപടിച്ചട്ടങ്ങള്‍. അത് നോക്കിയാണ് വകുപ്പ് ചോദിച്ചത്. അതിനു ശേഷം വന്ന നായനാര്‍ മന്ത്രിസഭ ആ വകുപ്പ് നിര്‍ത്തലാക്കിയ വിവരം മാണിയോളം പോന്ന ശിഷ്യന്‍ ജേക്കബ് സൂചിപ്പിച്ചെങ്കിലും മാണി ക്രിസ്തുവെങ്കില്‍ ജേക്കബ് സ്‌നാപകയോഹന്നാന്‍ മാത്രം ആകയാല്‍ ആ ചോദ്യം ശോഭിപ്പിച്ചില്ല. അങ്ങനെ ഇല്ലാത്ത വകുപ്പിന്റെ മന്ത്രി എന്ന വല്ലാത്ത പരുവത്തിലായി സീയെഫ്. എന്നാല്‍, ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉഷാറായി. അണ്ണാന് അണ്ടി തിരിച്ചുകിട്ടിയാലെന്നത് പോലെ അവര്‍ ആ വകുപ്പ് പുനഃസൃഷ്ടിച്ചെടുത്തു. കേന്ദ്രം അപ്രീതി പ്രകടിപ്പിച്ചുവെങ്കിലും പീലാത്തോസിനെ പോലെ ‘എഴുതിയത് എഴുതി’ എന്ന മട്ടില്‍ ഉറച്ചുനിന്നു കേരളം. ആ അബദ്ധം വീയെസ് സര്‍ക്കാര്‍ തിരുത്തിയത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും വികസന അതോറിറ്റികള്‍ക്കും ‘കില’ക്കുമൊപ്പം ഗ്രാമ വികസനം കൂടെ പാലോളിയെ ഏല്‍പിച്ചിട്ടാണ്.

ഇപ്പോള്‍ പാലോളിയുടെ വകുപ്പുകള്‍ മൂന്ന് പേര്‍ക്കായി വിഭജിച്ചു നല്‍കിയിരിക്കുന്നു. മുനീറിനെ ഒതുക്കുക എന്ന ലക്ഷ്യം ആവണം മുനീറിന്റെ പഞ്ചായത്തിനൊപ്പം ഉണ്ടാവേണ്ടിയിരുന്ന നഗര വികസനം, വികസന അതോറിറ്റികള്‍ എന്നീ വിഷയങ്ങള്‍ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തതിന്റെ പിറകില്‍. ലീഗില്‍ നേതൃതലത്തില്‍ ഇരുന്നുകൊണ്ട് ഇന്ത്യാവിഷന്റെ ചെയര്‍മാന്‍ പദവി ഉപേക്ഷിക്കാതെ ലീഗിനെതിരെ വാര്‍ത്ത ചമച്ചുവിട്ടത് അംഗീകരിക്കാത്ത ഒരാളാണ് ഇത് കുറിക്കുന്നത്. വിരല്‍ കൊണ്ട് പോലും മറയ്ക്കാതെ ഉരല്‍ വിഴുങ്ങിയിട്ട് താന്‍ ഷണ്ഡനായ ചെയര്‍മാന്‍ ആയിരുന്നു എന്ന് കുമ്പസാരിച്ചത് സീയെച്ചിന്റെ മകനെ എന്നും വാല്‍സല്യാതിരേകത്തോടെ കണ്ട അസ്മാദൃശന്മാരെ അത്യന്തം ഖിന്നരാക്കി. ഫോണില്‍ കിട്ടാഞ്ഞിട്ട് മുനീറിന്റെ സുഹൃദ്‌വലയത്തില്‍ എനിക്ക് പരിചയം ഉള്ളവര്‍ വഴി ഇന്ത്യാവിഷന്‍ ഉടന്‍ ഉപേക്ഷിക്കണം എന്ന് സീയെച്ചിനെ ആരാധിക്കുകയും മുനീറിന്റെ നന്മ കാംക്ഷിക്കുകയും ചെയ്യുന്ന മറ്റ് പലരെയും പോലെ ഞാനും മുനീറിനെ ഉപദേശിച്ചിരുന്നു. അതായത് റഊഫ് വിഷയത്തില്‍ മുനീറിനൊപ്പമല്ല ഞാന്‍.
എങ്കിലും ആ വിഷയാസക്തി ഭരണതലത്തിലേക്ക് സംക്രമിപ്പിച്ചത് തെറ്റായി എന്ന് പറയാതെ വയ്യ. മുനീറും കുഞ്ഞാലിക്കുട്ടിയും അല്ല പ്രധാനം. സംസ്ഥാനത്തെ ഭരണവും ജനങ്ങളും കഴിഞ്ഞേ അവരിരുവരും വരാവൂ. കുഞ്ഞാലിക്കുട്ടി മുനീറിനെ ഒതുക്കിയത് പോലെ തന്നെ തെറ്റായി ഗ്രാമവികസനം കോണ്‍ഗ്രസ് പൊളിച്ചെടുത്തത്. ഇപ്പോള്‍ മൂന്ന് വകുപ്പുകള്‍ക്കും ഒരു ഏകോപനസമിതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ആ സമിതിയുടെ അധ്യക്ഷനായിരിക്കുമെന്നും കേള്‍ക്കുന്നു. അതോടെ നാലായി മന്ത്രിമാര്‍! കേന്ദ്രത്തിലേത് പോലെ മന്ത്രാലയങ്ങളല്ല നമ്മുടെ ഭരണ സംവിധാനത്തില്‍ ഉള്ളത്. സെക്രട്ടേറിയറ്റ് ആണ് നമുക്ക് ഉള്ളത്. സചിവാലയ സംവിധാനം. സെക്രട്ടറിമാരുടേതാണ് വകുപ്പുകള്‍. ഒരു സെക്രട്ടറിക്ക് പല മന്ത്രിമാര്‍ ഉണ്ടാകാം. അതുകൊണ്ട് വകുപ്പുകള്‍ ഇങ്ങനെ വിഭജിച്ചാല്‍ കുഴപ്പമില്ല എന്ന് പ്രഥമ ദൃഷ്ട്യാ തോന്നാം. ചില വകുപ്പുകളില്‍ അതാവാം. ഉദാഹരണത്തിന് ആര്യാടന്‍ജിയുടെ വൈദ്യുതി വകുപ്പിന്റെ സെക്രട്ടറിയല്ല ശിവകുമാറിന്റെ ഗതാഗത വകുപ്പിലെ സെക്രട്ടറിയാണ് റെയില്‍വേ കൈകാര്യം ചെയ്യുക. സാംസ്‌കാരിക കാര്യ സെക്രട്ടറിക്ക് മൂന്നാണ് മന്ത്രിമാര്‍. വിദ്യാഭ്യാസ മന്ത്രിക്കാകട്ടെ രണ്ടുണ്ട് വകുപ്പുകള്‍. വിഷയങ്ങള്‍ വേറിട്ടിരിക്കുന്നു എന്നെങ്കിലും പറയാം അവിടെയും. എന്നാല്‍, ഇന്നത്തെ ഭരണസംവിധാനത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് വെട്ടിമുറിച്ചത് തികഞ്ഞ അവിവേകവും തീര്‍ത്തും ജനവിരുദ്ധവും ആയി. ഭരണത്തിന്റെ ഊടുവഴികള്‍ അറിയാത്തവര്‍ക്കായി വിശദീകരിക്കാന്‍ ശ്രമിക്കാം. ദേശീയതൊഴിലുറപ്പു പദ്ധതി കേന്ദ്രത്തില്‍ ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിലാണ്. ഇത് നടപ്പിലാവുന്നത് ഗ്രാമ പഞ്ചായത്തുകള്‍ വഴിയാണ്. ആറ് ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതി ഗ്രാമവികസന വകുപ്പ് വഴിയാണ് സംസ്ഥാന തലത്തില്‍ കൈകാര്യം ചെയ്യുക. പഞ്ചായത്തുകളുടെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാത്ത ഗ്രാമ വികസന മന്ത്രിയുടെ റോള്‍ ഇന്ത്യാ വിഷനില്‍ മുനീറിന്റെ ചെയര്‍മാന്‍ പദവി പോലെ വന്ധ്യംകരിക്കപ്പെടാനുള്ള സാധ്യത വ്യക്തമല്ലേ? ആറുലക്ഷം കുടുംബങ്ങളെ യൂഡിഎഫിനെതിരാക്കാന്‍ വേറെ ഒന്നും ചെയ്യണ്ട! നാഷനല്‍ റൂറല്‍ ലൈവ്‌ലി ഹുഡ് മിഷന്റെ കാര്യം ഇതിനേക്കാള്‍ സങ്കീര്‍ണമാണ്. കേരളത്തില്‍ മോഹന്‍ദാസ്, ടി.കെ.ജോസ് എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വളര്‍ത്തിയെടുത്ത കുടുംബശ്രീയും ആ മാതൃകയില്‍ ആന്ധ്രയില്‍ ഉരുത്തിരിഞ്ഞ മറ്റൊരു പദ്ധതിയും -പേര് മറന്നു – മാതൃകയാക്കി കേന്ദ്രം രൂപപ്പെടുത്തിയതാണ് ഈ പരിപാടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് മന്ത്രി കെ.സി. ജോസഫിനും കുടുംബശ്രീ മന്ത്രി മുനീറിനും ആയി മാറാനാണ് സാധ്യത. കുടുംബശ്രീയെ വകവരുത്തി ജനശ്രീ വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കമാണ് ഇത് എന്ന് വീയെസ് ആരോപിച്ചാല്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി ക്ലേശിക്കും. പത്തുനാല്‍പത് ലക്ഷം സ്ത്രീകളുടെ ശാക്തീകരണം നടക്കുന്ന മേഖലയിലാണ് അനാവശ്യമായി വിടവുകള്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. അഞ്ചുകൊല്ലം കൊണ്ട് മുടിച്ചിട്ടേ പോവൂ എന്നുണ്ടോ ആവോ! സീയെഫിന് വേണ്ടി യൂഡീയെഫ് പണ്ട് നടത്തിയ മടക്കയാത്ര അധികാര വികേന്ദ്രീകരണത്തെ ദോഷകരമായി ബാധിച്ചു എന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കാതിരിക്കയില്ല. ബ്ലോക്പഞ്ചായത്തുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍; നിര്‍വഹണോദ്യോഗസ്ഥര്‍ ഗ്രാമ വികസന വകുപ്പില്‍. ബ്ലോക്തലത്തില്‍ അധികാര വികേന്ദ്രീകരണം ഇനിയും ഫലപ്രദമായിട്ടില്ല എന്ന് നമുക്കറിയാം. അസ്തിത്വ സന്ത്രാസങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് ബ്ലോക് പഞ്ചായത്തുകള്‍ ഇപ്പോള്‍ തന്നെ. അത് ഇനിയും വഷളാകും ഈ പോക്ക് പോയാല്‍. ഇതിനെക്കാള്‍ ഭേദം അറുപതുകളില്‍ സബ് കലക്ടര്‍മാര്‍ അധ്യക്ഷം വഹിച്ച ബ്ലോക് വികസന സമിതികള്‍ പുനഃസ്ഥാപിക്കുകയാണ്. രാജീവിന്റെ ഭരണ ഘടനാ ഭേദഗതിയുടെ ആത്മാവ് നശിപ്പിക്കുകയാണ് എന്ന് കോണ്‍ഗ്രസുകാരെങ്കിലും തിരിച്ചറിയാത്തതെന്ത്? കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ഗ്രാമ വികസനവും നഗര വികസനവും കഴിയുന്നത്ര അടുപ്പിച്ചുകൊണ്ടുവരാനായിരുന്നു നാം ശ്രമിച്ചുവന്നത്. അതിന് ഗുണവും ഉണ്ടായി, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെങ്കിലും. ഇനിയിപ്പോള്‍ മൂന്ന് വിഭിന്ന ദിശകളിലേക്ക് കുതിക്കുന്ന മൂന്ന് കാട്ടുകുതിരകള്‍ ചേര്‍ന്നുവലിക്കുന്ന ഒരു രഥം ആക്കി മാറ്റുകയാണോ, നാം ഗവേണന്‍സ് എന്ന ഉദാത്ത സങ്കല്‍പത്തെ? ഇന്‍ഫര്‍മേഷന്‍ കേരള, സാനിറ്റേഷന്‍, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ മിഷനുകള്‍ നാം സൃഷ്ടിച്ചത് അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത സേവന സരണികളും (decentralised delivery of services) ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ്. ഇപ്പോഴത്തെ ത്രി മന്ത്രിസംവിധാനം നമ്മുടെ ത്രിതലസംവിധാനത്തെ നിഷ്പ്രഭമാക്കും. ഇങ്ങനെ പറയാന്‍ ഇനിയും ഉണ്ട് ഉദാഹരണങ്ങള്‍. മുനീറിനെ ഒതുക്കാനായി പഞ്ചായത്തിനെ നശിപ്പിക്കരുത്. ആ വകുപ്പ് കൂടി കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കുക. മുനീര്‍ സാമൂഹികക്ഷേമ വകുപ്പില്‍ ചൊറികുത്തി ഇരിക്കട്ടെ. അതുപോലെ രാജീവ് ഗാന്ധിയുടെ സ്മരണയോട് ബഹുമാനം ഉണ്ടെങ്കില്‍ ത്യാഗിവര്യനായ ജോസഫ് ആ വകുപ്പ് കൂടി കുഞ്ഞാലിക്കുട്ടിക്ക് വിട്ടുകൊടുക്കുക. പാലോളിയും എളമരം കരീമും ഭരിച്ചത് കുഞ്ഞാലി ഭരിക്കട്ടെ. അദ്ദേഹത്തിന് അതിന് കഴിവുണ്ട്. തന്നെയുമല്ല മുഴുവന്‍ സമയവും ഭരണത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഒളിസേവ തുടങ്ങിയ മറ്റാരോപണങ്ങള്‍ ഉന്നയിക്കപ്പെടാനുള്ള സന്ദര്‍ഭവും കുറഞ്ഞുകിട്ടും. ഗ്രാമവികസനം പോയാലും കെ.സി.ജോസഫിന് അത്യാവശ്യം പണി ഉണ്ടാവും. മ്യൂസിയവും മൃഗശാലയും ചലച്ചിത്ര കാര്യങ്ങളും കൂടെ തിരികെ കൊടുക്കുമെങ്കില്‍ അവിടെയും ഒരു പൂര്‍ണത വരും. തന്നെയുമല്ല ഗണേശന് ചലച്ചിത്രം കൊടുത്തത് സ്വാശ്രയ കോളജ് നടത്തുന്നയാള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കൊടുത്തത് പോലെയാണ് താനും. അത് ഗണേശനും കെണിയാവും; ഇത് കുറിച്ചിടുക! വെച്ചൊഴിഞ്ഞാല്‍ ഗണേശന് തന്നെ നന്മവരും. അല്ലെങ്കില്‍ മന്ത്രിയായിരിക്കുമ്പോള്‍ തെറിയഭിഷേകവും മുന്‍ മന്ത്രിയാവുമ്പോള്‍ സിനിമയില്‍ നഷ്ടവും ഫലം! മുനീറിനെ ശിക്ഷിക്കുക. ഒരു ചെറിയ ശിക്ഷ മൂപ്പര്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, ആ ശിക്ഷ സംസ്ഥാനത്തിന് മേല്‍ കെട്ടിവെക്കരുത്. കാമ്യകര്‍മ പ്രവൃത്താനാം താവന്മാത്രം ഭവേത് ഫലം (ഏതെങ്കിലും കാര്യം ഉദ്ദേശിച്ച് ചെയ്യുന്ന പ്രവൃത്തിക്ക് അതിന്റെ ഫലം മാത്രമേ കിട്ടൂ) എന്ന് കുഞ്ഞാലിക്കുട്ടിയും നിഷ്‌ക്കാമം ഭജതാം ദേവമഖിലാഭീഷ്ടസിദ്ധയഃ (നിഷ്‌ക്കാമ കര്‍മികള്‍ക്ക് സര്‍വാഭീഷ്ട സിദ്ധിയാണ് ഫലം) എന്ന് പാണക്കാട് തങ്ങളും (ഉമ്മന്‍ ചാണ്ടിയും) ഓര്‍മിക്കുമെങ്കില്‍ നന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ